

ലക്‌നൗ: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്നും 20 ലക്ഷം യുവാക്കള്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. ദലിതര്‍ക്ക് കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള സൗജന്യ വിദ്യാഭ്യാസവും ബുധനാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും പാര്‍ട്ടി എത്തിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
വനിതകള്‍ക്ക് മഹിളാ വിധാനും യുവാക്കള്‍ക്ക് ഭാരതി വിധാനും പുറത്തിറക്കിയതിന് ശേഷമാണ് ഉന്നതി വിധാന്‍ എന്ന പ്രകടന പത്രികയുമായി കോണ്‍ഗ്രസ് എത്തിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനകം കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രിയങ്കാ ഗാന്ധി അറിയിച്ചു. ഗോതമ്പിനും നെല്ലിനും 2500 രൂപയും കരിമ്പിന്് 400 രൂപയും കുറഞ്ഞ അടിസ്ഥാന വില നല്‍കുമെന്ന് പ്രിയങ്ക അറിയിച്ചു.
വൈദ്യുതി ബില്‍ പകുതിയായി കുറക്കുകയും വൈദ്യുതി കുടിശ്ശിക ഒഴിവാക്കുകയും ചെയ്യും. കോവിഡിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കാല്‍ലക്ഷം രൂപ നല്കുമെന്നും പ്രിയങ്കാ ഗാന്ധി അറിയിച്ചു.
യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികളിലെ 12 ലക്ഷം ഒഴിവുകള്‍ ഉള്‍പ്പെടെ 20 ലക്ഷം തൊഴിലവസരങ്ങളാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. സ്ത്രീകള്‍ക്ക് ജോലിയില്‍ 40 ശതമാനം സംവരണം ലഭിക്കും. ആരോഗ്യമേഖലയില്‍ പത്തുലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കും.
അലഞ്ഞു തിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ ഗോ ധന്‍ പദ്ധതി കൊണ്ടുവരുമെന്നും ചാണകം കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് വാങ്ങുമെന്നും പ്രകടന പത്രിക പറയുന്നു.
ചെറുകിട, ഇടത്തരം വ്യവസായികള്‍ക്കായി പരമ്പരാഗത ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്തുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ബിസിനസിലെ നഷ്ടം കാരണം ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബാഗ്പത് സംഭവം ഉദ്ധരിച്ച് ഈ മേഖലയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പ്രിയങ്ക അറിയിച്ചു.
തൊഴില്‍ ഔട്ട്‌സോഴ്‌സിംഗ് നിര്‍ത്തലാക്കുമെന്നും ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അഡ്‌ഹോക്ക് ജീവനക്കാരുടെ ജോലി സ്ഥിരപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. ചേരി നിവാസികളെ അവര്‍ താമസിക്കുന്ന ഭൂമിയുടെ ഉടമകളാക്കും. ഗ്രാമീണ മേഖലയില്‍ ഗ്രാമത്തലവന്‍മാര്‍ക്ക് പ്രതിമാസം ആറായിരം രൂപയും ചൗക്കിദാര്‍മാര്‍ക്ക് അയ്യായിരം രൂപയും ശമ്പളം നല്കും.
ജീവന്‍ നഷ്ടപ്പെട്ട കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കും. ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്ക് പ്രതിമാസം മൂവായിരം രൂപ പെന്‍ഷന്‍ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളുകളിലെ യുക്തിരഹിതമായ ഫീസ് വര്‍ധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. ശിക്ഷാമിത്രയുടെ സേവനങ്ങള്‍ ക്രമപ്പെടുത്തുമെന്നും പാര്‍ട്ടി ഉറപ്പ് നല്കി.
മുന്‍ സൈനികര്‍ക്ക് നിയമ നിര്‍മാണ കൗണ്‍സിലില്‍ സീറ്റ് പ്രഖ്യാപിക്കുകയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

