

പലരും നമ്മളെ വിട്ടുപോകുന്നത് പലപ്പോഴും നമ്മള്‍ അറിയാറില്ല. പതിനാറു വര്‍ഷത്തിന് മീതെ ഉണ്ടായിരുന്ന ദോഹ ജീവിതത്തിന്റെ ആദ്യഭാഗത്തു ഏറ്റവും കൂടുതല്‍ അടുത്ത് അറിഞ്ഞിരുന്ന പ്രവാസികളില്‍ ഒരാള്‍ ആയിരുന്നു തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട അടുത്ത് പടിയൂര്‍ നിന്നും ഖത്തറില്‍ എണ്‍പതുകളുടെ തുടക്കത്തിലോ മറ്റോ എത്തിയ ജോര്‍ജ് പുന്നേലിപറമ്പില്‍ എന്ന ജോര്‍ജ് ചേട്ടന്‍ (69).

ദോഹയിലെ 1980 കളിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ നല്ല ഒരു വോളീബോള്‍ താരം കൂടി ആയിരുന്നു ജോര്‍ജ് ചേട്ടന്‍ എന്ന് കേട്ടിട്ടുണ്ട്.
ഗള്‍ഫ്- ദോഹ സിനിമയുടെ പ്രതാപ കാലത്ത് അവിടെ പോയിരുന്ന മലയാളികളില്‍ കുറെ പേരെങ്കിലും അദ്ദേഹത്തെ കണ്ടു കാണും. അവിടെ പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ആയി വൈകുന്നേരങ്ങളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം മിസ്‌റികള്‍ നിറഞ്ഞ ആ കമ്പനിയില്‍ ഉണ്ടായിരുന്ന അപൂര്‍വം മലയാളികളില്‍ ഒരാള്‍ ആയിരുന്നു.


ജോര്‍ജ് ചേട്ടന്‍ അവിടെ ഉണ്ടായിരുന്ന സമയത്തു ഞാനും എന്റെ കൂടെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഹരികുമാര്‍, സി കെ കുമാര്‍, ഫ്രാന്‍സിസ് എന്നിവരും ഒക്കെ പല പ്രാവശ്യവും സെക്കന്റ് ഷോ സമയത്തു അദ്ദേഹം വഴി ഇടദിവസങ്ങളില്‍ ടിക്കറ്റ് പോലും എടുക്കാതെ ദോഹ സിനിമയില്‍ സിനിമ കണ്ടിട്ടുണ്ട്. (പല സിനിമകള്‍ക്കും ഇട ദിവസങ്ങളില്‍ ആകെ അഞ്ചോ പത്തോ ആളുകള്‍ ആയിരിക്കും ആകെ ഉണ്ടാകുക). ചേട്ടന്‍ സിനിമ തുടങ്ങുമ്പോള്‍ പ്രൊജക്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു ഉറക്കം തുടങ്ങും. പിന്നെ ഇന്റര്‍വെല്‍ സമയത്തു ആയിരിക്കും അദ്ദേഹം ഉണരുക. സിനിമ കഴിയുമ്പോള്‍ മിക്കവാറും ഞങ്ങള്‍ ആരെങ്കിലും ആയിരിക്കും ജോര്‍ജ് ചേട്ട നെ ഉണര്‍ത്തിയിരുന്നത്. അത് കഴിഞ്ഞു അദ്ദേഹം നേരെ അബു ഹമൂര്‍ ഉള്ള താമസ സ്ഥലത്തേക്ക് പോകുമായിരുന്നു. ഞങ്ങള്‍ ഗള്‍ഫ് സിനിമക്ക് അടുത്തുള്ള ഞങ്ങളുടെ ഫ്‌ളാറ്റിലേക്കും.
പകല്‍ സമയത്തു മുനിസിപ്പാലിറ്റിയില്‍ ഷാവേല്‍ ഓപ്പറേറ്റര്‍ ആയിരുന്ന ജോര്‍ജ് ചേട്ടന്‍ നാട്ടില്‍ ആയിരുന്ന കുടുംബത്തെ സപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകുന്നേരങ്ങളില്‍ പാര്‍ട് ടൈം ചെയ്തിരുന്ന സ്ഥലമായിരുന്നു ഗള്‍ഫ് സിനിമ. 2002ല്‍ ദോഹയില്‍ എത്തി അധികം ആകും മുന്‍പേ തന്നെ അദ്ദേഹത്തെ പരിചയപ്പെടുവാന്‍ സാധിച്ചിരുന്നു. (അദ്ദേഹത്തിന്റെ പഴയ മസ്ദ കാറില്‍ പലയിടത്തും അക്കാലത്തു പോയിട്ടും ഉണ്ട്). 2004ല്‍ ക്യാന്‍സര്‍ രോഗി ആയിരുന്ന ജോര്‍ജ് ചേട്ടന്റെ ഭാര്യ പെട്ടെന്ന് മരിക്കുകയും ചെയ്തു.
2009ല്‍ അല്ലെങ്കില്‍ ഒരുവര്‍ഷത്തിനു ശേഷം ഉദര സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനു എന്തോ ഒരു സര്‍ജ്ജറി വേണ്ടി വന്നു. പിന്നീട് ദോഹയില്‍ തിരിച്ചെത്തി വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക് മടങ്ങിയെങ്കിലും പലപ്പോഴും ഞാനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഞാന്‍ ദോഹയില്‍ നിന്നും നാട്ടില്‍ എത്തിയ ശേഷം (ജനുവരി 2019) ഒരുവര്‍ഷം തിരുവല്ലയില്‍ ഒരു കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനില്‍ ജോലി ചെയ്യുക ആയിരുന്നു. അങ്ങനെ ഇരിക്കെ കഴിഞ്ഞ വര്‍ഷം ആദ്യം വോളിബോള്‍ അര്‍ജുന അവാര്‍ഡ് ജേതാവായ ടോം ജോസഫ്, മുന്‍ ഇന്ത്യന്‍ താരം രാജ് വിനോദ് എന്നിവര്‍ അടക്കം കുറെ താരങ്ങളെ ജോര്‍ജ് ചേട്ടന്റെ നാട്ടില്‍ വോളിബോള്‍ പ്രേമികള്‍ ഒരു ചടങ്ങില്‍ ആദരിക്കുവാനായി ക്ഷണിച്ചു. ഒപ്പം പഴയകാല വോളിബോള്‍ താരങ്ങളായ ജോര്‍ജ് ചേട്ടന്‍ അടക്കം ഉള്ളവരെയും ആദരിച്ചു. അവിടെ പോയി വന്ന രാജ് വിനോദും ടോമും വഴി ആയിരുന്നു ജോര്‍ജിച്ചേട്ടന്റെ നാട്ടില്‍ ആയിരുന്നു ചടങ്ങു നടന്നത് എന്ന് മനസിലായത്. അവര്‍ കൊടുത്ത നമ്പര്‍ വച്ച് ജോര്‍ജ് ചേട്ടന്‍ എന്നെ ബന്ധപ്പെട്ടു. അദ്ദേഹത്തിനു അടിയന്തരമായി ഒരു സര്‍ജറി വേണ്ടി വരുമെന്നും ആശുപത്രിയില്‍ പോവേണ്ടി വരുമെന്നും അറിയിച്ചു.
ഓപ്പറേഷന്‍ കഴിഞ്ഞ ശേഷവും ജോര്‍ജ് ചേട്ടന്‍ എന്നെ ബന്ധപ്പെട്ടിരുന്നു. (My special appreciation for Valiyaveettil Ittoop Siblings Joseph, Vincent, Davis and Paul for their concern and support).
കഴിഞ്ഞ ഒന്ന് രണ്ടു മാസത്തിനിടയില്‍ ഞാന്‍ പല വാട്‌സാപ്പ് വീഡിയോസ് അയച്ചു കൊടുത്തിട്ടും ഒരു മറുപടിയും ജോര്‍ജ് ചേട്ടന്റെ വശത്തു നിന്നും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് മറുപടി അയച്ചത് മകന്റെ ഭാര്യ ആയിരുന്നു. ഒക്ടോബര്‍ 30ന് വെളുപ്പിന് പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നമ്മെ വിട്ടുപോയി എന്നുള്ള വിവരമാണ് കിട്ടിയത്.


