
ദോഹ: ഖത്തര്‍ സമുദ്രപരിസരങ്ങളിലെ അപൂര്‍വ സമുദ്രജീവിയായ കടല്‍പ്പശുക്കളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി വിപുലമായ പഠനങ്ങളും ശാസ്ത്രീയ നടപടികളും തുടരുന്നതായി ഖത്തര്‍ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. ലോക കടല്‍പ്പശു ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തീരദേശ- സമുദ്ര ആവാസവ്യവസ്ഥകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കടല്‍പ്പശുക്കള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമായി കടല്‍പ്പശുക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ ജീവിവര്‍ഗത്തെ സംരക്ഷിക്കാനും സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നിലനിര്‍ത്താനുമായി ദേശീയ- പ്രാദേശിക തലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അറിയിച്ചു.

ഖത്തറിന്റെ സമുദ്രാതിര്‍ത്തികളില്‍ ശ്രദ്ധേയമായ ഡുഗോങ് സാന്നിധ്യമുണ്ടെന്നും ഇവ പ്രധാനമായും കടല്‍പ്പുല്ല് മേഖലകളെയാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യനിലയും തീരദേശ പരിസ്ഥിതിയുടെ ഗുണനിലവാരവും കടല്‍പ്പശുക്കളുടെ സാന്നിധ്യവുമായി അടുത്ത ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
2023 മുതല്‍ 2026 വരെ ഖത്തര്‍ ജലപരിധികളിലെ കടല്‍പ്പശുക്കളെ നിരീക്ഷിക്കുന്നതിനും ഫലപ്രദമായ സംരക്ഷണ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി സമഗ്രമായ ശാസ്ത്രീയ- ഫീല്‍ഡ് പഠനം നടത്തിയതായി പരിസ്ഥിതി സംരക്ഷണ- പ്രകൃതി സംരക്ഷണ റിസര്‍വ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ മസ്ലമാനി അറിയിച്ചു.
പഠനത്തില്‍ 197 പ്രായപൂര്‍ത്തിയായവരും 27 കുഞ്ഞുങ്ങളും ഉള്‍പ്പെടെ ആകെ 224 കടല്‍പ്പശുക്കളെ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങള്‍ കടല്‍പ്പശുക്കളുടെ സഞ്ചാരവും ആവാസമേഖലകളും തിരിച്ചറിയുന്നതിനും പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകള്‍ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിന്റെ വടക്കുപടിഞ്ഞാറന്‍ സമുദ്ര മേഖലകളിലെ കടല്‍പ്പശു കൂട്ടങ്ങളുടെ ഘടനയും പെരുമാറ്റ രീതികളും ശാസ്ത്രീയസംഘം പഠിച്ചതായും പ്രത്യേകിച്ച് അമ്മ- കുഞ്ഞ് കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ അത്യാധുനിക വ്യോമസര്‍വേ സാങ്കേതികവിദ്യകളും ഡ്രോണുകളും ഉപയോഗിച്ചതായും അല്‍ മസ്ലമാനി പറഞ്ഞു. തീരപ്രദേശങ്ങളിലെ കടല്‍പ്പുല്ല് മേഖലകളിലൂടെ കടല്‍പ്പശുക്കളുടെ സഞ്ചാരം ഡ്രോണുകള്‍ വഴി നിരീക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കടല്‍പ്പശുക്കള്‍ സാധാരണയായി മുതിര്‍ന്നവരുടെ നേതൃത്വത്തിലുള്ള വലിയ കൂട്ടങ്ങളായി സഞ്ചരിക്കാറുണ്ടെന്നും കുഞ്ഞുങ്ങള്‍ സുരക്ഷയ്ക്കായി കൂട്ടത്തിന്റെ മധ്യഭാഗത്താണ് നിലകൊള്ളുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.
ഡ്രോണ്‍ ദൃശ്യങ്ങളുടെ സഹായത്തോടെ ശരീരത്തിലെ പ്രത്യേക അടയാളങ്ങള്‍ അടിസ്ഥാനമാക്കി ഓരോ കടല്‍പ്പശുവിനേയും തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായതായും ഇതുവഴി അവയുടെ എണ്ണം, ആരോഗ്യനില, സഞ്ചാരപാതകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ദീര്‍ഘകാല വിവരശേഖരണം സാധ്യമായതായും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ വടക്കുപടിഞ്ഞാറന്‍, കിഴക്കന്‍ സമുദ്ര മേഖലകള്‍ കടല്‍പ്പശുക്കളുടെ പ്രധാന പ്രജനന- ശിശുപരിപാലന കേന്ദ്രങ്ങളാണെന്നത് ആവര്‍ത്തിച്ചുള്ള നിരീക്ഷണങ്ങള്‍ സ്ഥിരീകരിക്കുന്നുവെന്നും ഖത്തര്‍ ജലപരിധികളില്‍ കടല്‍പ്പശുക്കള്‍ക്ക് വ്യക്തമായ പ്രജനനകാലമുണ്ടെന്നതും ശാസ്ത്രീയ സൂചനകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളെ സംരക്ഷിക്കുക, ജൈവവൈവിധ്യം പരിപാലിക്കുക, സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നീ ഖത്തറിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി കടല്‍പ്പശുക്കളുടെ ആവാസവ്യവസ്ഥകളുടെ പരിസ്ഥിതി നിരീക്ഷണം, പ്രത്യേകിച്ച് പ്രജനനകാലങ്ങളില്‍, ശക്തമായി തുടരേണ്ടത് അനിവാര്യമാണെന്നും ഡോ. അല്‍ മസ്ലമാനി വ്യക്തമാക്കി.

