
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ജന്മദിനത്തോടനുബന്ധിച്ച് മിര്‍ച്ചിവണ്‍ 89.6 എഫ് എം സംഘടിപ്പിച്ച ‘സ്‌പ്രെഡ് ദ സ്‌മൈല്‍’ ദേശീയ ക്യാംപെയ്നിന്റെ ഭാഗമായി തയ്യാറാക്കിയ ഭീമന്‍ ഫോട്ടോ മൊസൈക്ക് അനാച്ഛാദനം ചെയ്തു. റമദ സിഗ്നലിന് സമീപമുള്ള പാപ്പാ ജോണ്‍സില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരും പ്രമുഖരും മിര്‍ച്ചി ടീമംഗങ്ങളും പങ്കെടുത്തു.

ക്യാംപെയ്നിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കുവെച്ച 3,000-ത്തിലധികം കുട്ടികളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ പ്രത്യേക മൊസൈക്ക് തയ്യാറാക്കിയത്. ഖത്തറിനോടും രാജ്യത്തിന്റെ നേതൃത്വത്തോടുമുള്ള ആദരവും നന്ദിയും രേഖപ്പെടുത്തുന്ന ദേശീയ ആദരവായാണ് ഇത് അവതരിപ്പിച്ചത്.

ചടങ്ങില്‍ സംസാരിച്ച മിര്‍ച്ചിവണ്‍ 89.6 എഫ് എമ്മിന്റെ ബിസിനസ് ഡയറക്ടര്‍ അരുണ്‍ ലക്ഷ്മണന്‍, ക്യാംപെയ്നിന്റെ ആശയവും ലക്ഷ്യവും വിശദീകരിച്ചു.
വ്യാപാര മേഖലയ്ക്കും സമൂഹത്തിനും ഒരുപോലെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും യഥാര്‍ഥ ശക്തി തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ അതിജീവിക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സമൂഹത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാനും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഈ ക്യാംപെയ്ന്‍ പുഞ്ചിരി പകരുക എന്ന സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിന്റെ നേതൃത്വത്തോടുള്ള നന്ദിയുടെ എളിയ പ്രകടനമാണ് ഈ മൊസൈക്കെന്നും ജനങ്ങള്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വന്തം നാടെന്ന അനുഭൂതിയും നല്‍കിയ നേതാവിനെ ആദരിക്കാന്‍ ആയിരക്കണക്കിന് കുട്ടികളുടെ പുഞ്ചിരികള്‍ ഒന്നിക്കുന്നതിലുപരി മികച്ച മാര്‍ഗമില്ലെന്ന വിശ്വാസമാണ് ഇതിനു പിന്നിലെന്നും പറഞ്ഞ അദ്ദേഹം ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയും അമീറിന്റെ ദീര്‍ഘവീക്ഷണവുമില്ലാതെ ഈ നേട്ടങ്ങളൊന്നും സാധ്യമാകുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

