
കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതി ഷബീറിനെ വയനാട് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതി ഒളിവില്‍ കഴിഞ്ഞ വയനാട് പൊഴുതന കുറുവാന്തോടുള്ള പണി പുരോഗമിക്കുന്ന റിസോര്‍ട്ടിലും പ്രതി മുന്‍പ് ഒളിവില്‍ കഴിഞ്ഞ വാടക വീട്ടിലും ആണ് തെളിവെടുപ്പ് നടത്തിയത്. പ്രതി ഷബീറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് റിസോര്‍ട്ട് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്. റിസോര്‍ട്ടില്‍ ആഡംബര നീന്തല്‍ക്കുളം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്

റിസോര്‍ട്ടിന്റെ അനുമതി, രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിനായി വില്ലേജ്, റവന്യൂ അധികാരികളുമായി പൊലീസ് ഔദ്യോഗിക ആശയ വിനിമയം നടത്തും. പ്രതി ഒളിവില്‍ കഴിയുന്ന സമയത്ത് റിസോര്‍ട്ടില്‍ പല തവണ വന്നതായും താമസിച്ചതായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്ത് ആള്‍ താമസമില്ലാത്തതിനാല്‍ തന്നെ പ്രതിക്ക് ആരുമറിയാതെ ഒളിവില്‍ കഴിയാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു.
കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട റെയിഡ് നടത്തുന്ന സമയത്ത് പ്രതികളായ കൃഷ്ണപ്രസാദും അബ്ദുല്‍ ഗഫൂറും ഇവിടെ ഒളിവില്‍ കഴിഞ്ഞതായാണ് വിവരം. കേസിലെ മൂന്നാം പ്രതിയായ കൃഷ്ണ പ്രസാദ് കോഴിക്കോട് ചീഫ് ജുഡീഷ ല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്.
ഷബീറിനെയും ഗഫൂറിനെയും പിടികൂടിയ പൊലീസ് കൃഷ്ണപ്രസാദിന്റെ ഒളിയിടം കണ്ടെത്തി അറസ്റ്റിന് ശ്രമിക്കുമ്പോഴാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. പ്രതികളായ അബ്ദുള്‍ ഗഫൂറിനെയും കൃഷ്ണ പ്രസാദിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

