

കൊച്ചി: എറണാകുളം ബ്രാഞ്ച് ഐ സി എ ഐയുടെ നേതൃത്വത്തില്‍ ‘കേന്ദ്ര ബജറ്റ് 2022’ വെര്‍ച്വല്‍ സെമിനാര്‍ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറില്‍ കേന്ദ്ര ബജറ്റിലെ ‘പ്രത്യക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍’ എന്ന വിഷയത്തില്‍ ആര്‍ ഭൂപതി ചെന്നൈയും കേന്ദ്ര ബജറ്റിലെ ‘പരോക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍, ജി എസ് ടിയിലെ പുതിയ വികസനങ്ങളും’ എന്ന വിഷയത്തില്‍ അഡ്വ. വൈതീശ്വരന്‍ കെ ചെന്നൈയും സംസാരിച്ചു.

ആദ്യ ദിവസം നടന്ന സെമിനാറില്‍ സെക്രട്ടറി ദീപ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ വി ജോസ് സ്വാഗതം പറഞ്ഞു. റോയ് വര്‍ഗ്ഗീസ്, ശ്രീനിവാസന്‍ പി ആര്‍ എന്നിവര്‍ പങ്കെടുത്തു. രണ്ടാം ദിവസം മുതിര്‍ന്ന അംഗം എന്‍ എല്‍ സോമന്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിസന്ധിയില്‍ നിന്നും പുറത്തേക്ക് വരുന്ന അവസ്ഥയിലാണ് രാജ്യമുള്ളതെന്നും ബജറ്റില്‍ വ്യത്യസ്ത മേഖലകളെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ തുറക്കുകയും നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതായി സെമിനാറില്‍ അഭിപ്രായപ്പെട്ടു. രണ്ടു വര്‍ഷമായുള്ള രോഗാവസ്ഥയില്‍ നിന്നും രാജ്യം പതുക്കെ പുറത്തു വരികയാണ്. ടൂറിസം, നിര്‍മാണം, ചെറുകിട വ്യവസായം, തൊഴില്‍ മേഖല തുടങ്ങി എല്ലാ മേഖലകളിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. റെയില്‍വേ, ഹൈവേ, അടിസ്ഥാന സൗകര്യം എന്നിവയിലെല്ലാം തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണെന്നും സെമിനാര്‍ പറഞ്ഞു.

