ഫേസ് ഇന്റര്‍നാഷണല്‍ ചാരിറ്റി അവാര്‍ഡ് ഡോ. ജേക്കബ് ഈപ്പന്

Web Desk
3 Min Read

കൊച്ചി: പ്രൊഫ. എം കെ സാനു ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഫേസ് ഫൗണ്ടേഷന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ ഫേസ് ഇന്റര്‍നാഷണല്‍ ചാരിറ്റി അവാര്‍ഡിന് അമേരിക്കയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ. ജേക്കബ് ഈപ്പന്‍ അര്‍ഹനായി. പട്ടിണിക്കാരില്ലാത്ത കൊച്ചിയെന്ന ആശയവുമായി 2011ല്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മുഖ്യ രക്ഷാധികാരിയായി പ്രവര്‍ത്തനം ആരംഭിച്ച ഫേസ് ഫൗണ്ടേഷന്‍ 13 വര്‍ഷം പിന്നിടുന്ന വേളയിലാണ് ആഗോള ചാരിറ്റി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ജനുവരി 13ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

city exchange

വടക്കെ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജേക്കബ് ഈപ്പന്‍ കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനമായ എയിസസ് ഹെല്‍ത്ത് സിസ്റ്റംസില്‍ മുപ്പത് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം മെഡിക്കല്‍ ഡയറക്ടറായി വിരമിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ജേക്കബ് ഈപ്പന്‍ യു എന്‍ ഹൈകമീഷണര്‍ ഫോര്‍ റെഫ്യൂജീസില്‍ 60000 ഇന്‍ഡോ ചൈനീസ് അഭയാര്‍ഥികളുടെ ചുമതലയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ലഭിച്ചിട്ടുള്ള ഏലീസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണറിനും ജേക്കബ് ഈപ്പന്‍ അര്‍ഹനായിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നോര്‍ത്ത് കാലിഫോര്‍ണിയയില്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. ജേക്കബ് ഈപ്പന്‍. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ട് വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡംഗമായി തുടര്‍ച്ചയായി പത്തു തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വിജയിച്ചു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനാണ് അദ്ദേഹം.

വഴിയോര കച്ചവടക്കാരെയും വീടുകളില്‍ ഭക്ഷണം ഉണ്ടാക്കി വിറ്റഴിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് വ്ളോഗര്‍ അബ്ദുല്‍ ഹക്കീം, 25 വര്‍ഷമായി രോഗികളെ സൗജന്യമായി ചികിത്സിച്ച് വരുന്ന ജവഹര്‍ നഗര്‍ സ്വദേശി ഡോ. ഗ്രേസ് തോമസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും. അഞ്ച് വര്‍ഷമായി വ്‌ളോഗറായ ഹക്കീം പാവങ്ങളുടെ വ്ളോഗര്‍ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ് ഹക്കിം.

- Advertisement -
Ad image

ജനുവരി 13ന് എറണാകുളം ഇ എം എസ് ടൗണ്‍ ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സി എ ബി ഐ) ചെയര്‍മാനും ബി സി സി ഐയുടെ ഡിസേബിള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി അംഗവും ഡിസെബിലിറ്റി ക്രിക്കറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബെംഗളൂരു സമര്‍ത്ഥനം ട്രസ്റ്റ് സ്ഥാപക മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. മഹന്തേഷ് ഘട്ടിവളപ്പ കിവഡസന്നവര്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ അവാര്‍ഡ് ജേതാവിനെ ആദരിക്കും. കൊച്ചി മേയര്‍ എം അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ഐ ബി എം ബിസിനസ് പാര്‍ട്ണര്‍ ഗില്‍ഡ് സിസ്റ്റംസ് സഹ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ ഓം ബച്ചു വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എം കെ സാനു അധ്യക്ഷത വഹിക്കും. ഫേസ് പ്രസിഡന്റ് ടി ആര്‍ ദേവന്‍, വൈസ് ചെയര്‍മാന്‍ ഡോ. ടി വിനയകുമാര്‍, സെക്രട്ടറി സി ബി ഹരി, ജോയിന്റ് സെക്രട്ടറി അഡ്വ. കെ എം സത്യനാഥ മേനോന്‍, ട്രഷറര്‍ ആര്‍ ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.

പതിമൂന്ന് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഫേസ് ഫൗണ്ടേഷന്‍ ദിവസേനയുള്ള അന്നദാനത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഫേസ് ഫൗണ്ടേഷന്‍ 2019ല്‍ അഞ്ച് കുടുംബങ്ങള്‍ക്കായി ആരംഭിച്ച അക്ഷയപാത്രം പദ്ധതിയിലൂടെ ഇന്ന് 173 കുടുംബങ്ങള്‍ക്കാണ് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഒരു മാസം കഴിയാനുള്ള ഉത്പന്നങ്ങളാണ് പ്രതിമാസം നല്‍കി വരുന്നത്. ഗാന്ധിനഗറിലെ ഫേസ് ഊട്ടുപുരയില്‍ പ്രതിദിനം നൂറ്റി അന്‍പതിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി വരുന്നു. പ്രതിദിനം 842 പേരുടെ വിശപ്പകറ്റുന്ന ഫേസ് ഫൗണ്ടേഷന്‍ പിന്നിട്ട വര്‍ഷങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പേരുടെ വിശപ്പകറ്റിയിട്ടുണ്ട്. ഗാന്ധിനഗറിലെ ഫേസ് ആസ്ഥാനത്ത് വിശക്കുന്ന വയറുമായി ഏത് സമയത്ത് എത്തിയാലും ഭക്ഷണം ലഭിക്കും.

ഫേസ് ഫൗണ്ടേഷന്‍ പുതുതായി ആരംഭിച്ച വസ്ത്രനിധി പദ്ധതിയിലൂടെ എല്ലാ വെള്ളിയാഴ്ചകളിലും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ ലഭ്യമാക്കി വരുന്നു. നേപ്പാള്‍ ഭൂകമ്പകാലത്ത് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും പ്രളയകാലത്ത് മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നല്‍കിയും ഫേസ് ഫൗണ്ടേഷന്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പ്രതിദിനം രണ്ടായിരത്തോളം പേര്‍ക്കാണ് ഫേസ് ഭക്ഷണം നല്‍കിയത്.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫേസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി ആര്‍ ദേവന്‍, വൈസ് ചെയര്‍മാന്‍ ഡോ. ടി വിനയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!