

കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തി വന്ന രണ്ട് ഇതര സംസ്ഥാനക്കാര്‍ എക്‌സൈസിന്റെ പിടിയില്‍. അസം നാഗോണ്‍ സ്വദേശികളായ മുസാഹറുള്‍ ഹക്ക് (ഛോട്ടു- 24), ജമീറൂള്‍ ഹക്ക് (കരീം ലാലാ- 26) എന്നിവരാണ് എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് അരക്കിലോ വീതമുള്ള നാല് പോളിത്തീന്‍ പാക്കറ്റുകളില്‍ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി.

സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് എറണാകുളം ടൗണ്‍ ഭാഗങ്ങളില്‍ ‘മൈസൂര്‍ മംഗോ’ എന്ന മുന്തിയ ഇനം കഞ്ചാവ് എന്ന വ്യാജേന മൊത്തക്കച്ചവടം നടത്തി അസമിലേക്ക് തിരികെ പോകുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇതിലൂടെ പത്തിരട്ടിയോളം ലാഭം കിട്ടിയിരുന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇവരുടെ സുഹൃത്തുക്കള്‍ ഇത് പിന്നീട് ചെറു പൊതികളിലാക്കി മലയാളികളായ ഇടനിലക്കാര്‍ക്ക് കൂടിയ വിലക്ക് മറിച്ച് വില്‍ക്കുകയും ചെയ്യുന്നതായിരുന്നു വില്‍പ്പനയുടെ രീതി.

നാഗോണ്‍ സ്വദേശികളായ പ്രതികള്‍ നാട്ടില്‍ ചില്ലറ മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുന്നതിനിടെയാണ് എറണാകുളത്തുള്ള സുഹൃത്തുക്കള്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന ബിസിനസ്സിലേക്ക് ക്ഷണിച്ച് വരുത്തിയത്. ഏതാനും ദിവസം മുന്‍പ് കഞ്ചാവുമായി ഒരു ഇതര സംസ്ഥാനക്കാരന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായതോടുകൂടിയാണ് ഛോട്ടു, കരീം ലാല എന്നീ അസം സ്വദേശികളെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ ഇരുവരും എക്‌സൈസ് സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.
ഇടപ്പള്ളി ടോളിന് സമീപം കഞ്ചാവ് കൈമാറുവാന്‍ രാത്രിയോടെ ഇവര്‍ എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഇവരെ കാത്ത് നിന്നു. പിടിയിലാകുമെന്ന് മനസ്സിലായപ്പോള്‍ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതില്‍ക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എക്‌സൈസ് സംഘവും നാട്ടുകാരും പിന്‍തുടര്‍ന്ന് ഇരുവരേയും പിടികൂടി. അക്രമാസക്തരായ ഇരുവരേയും ബലപ്രയോഗത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്.
എക്‌സൈസ് ഐ ബി ഇന്‍സ്‌പെക്ടര്‍ കെ മനോജ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍ ജി അജിത്ത് കുമാര്‍, രഞ്ജു എല്‍ദോ തോമസ്, സിറ്റി മെട്രോ ഷാഡോയിലെ സി ഇ ഒ എന്‍ ഡി ടോമി, സി ഇ ഒ, ഡി ജി ബിജു, പി പത്മഗിരീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ റിമാന്റ് ചെയ്തു.

