
ദോഹ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ഫോക് ഖത്തര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവത്ക്കരണം സൃഷ്ടിക്കുന്നതിനും ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസി സമൂഹത്തിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്. ജനറല്‍ ബോഡിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജാഗ്രതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയിലൂടെ ഉറപ്പുനല്‍കി.

2025 മുതല്‍ ഒരു വര്‍ഷം നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന് ഫോക് ഖത്തര്‍ വിവിധ പരിപാടികളിലൂടെ വിജയകരമായി നടപ്പാക്കി വരികയാണ്. ബോധവല്‍ക്കരണ ക്ലാസുകള്‍, സാമൂഹിക ഇടപെടലുകള്‍, പൊതുജന പങ്കാളിത്ത പരിപാടികള്‍ എന്നിവയിലൂടെ ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.
ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ വരുംകാലങ്ങളിലും കൂടുതല്‍ ശക്തമായി തുടരുമെന്ന് ഫോക് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

