
ചെന്നൈ: തമിഴ് സിനിമാ സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണത്. 1983ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന് ആണ് ഇദ്ദേഹം. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മിസ്റ്റര്‍ മരുമകന്, ഏയ്ഞ്ചല്‍ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂര്‍ണിമ ജയറാമാണ് ഭാര്യ. നടന് ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.

1979ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താണൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. 75ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. ഭാരതിരാജയുടെ 16 വയതിനിലെയായിരുന്നു ആദ്യ സിനിമ. പിന്നീട് ഡയലോഗ് എഴുതിയ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഭാരതിരാജയ്ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും തിരക്കഥയും ഡയലോഗുമെഴുതിയിരുന്നു. പിന്നീടാണ് സംവിധായകനായി അരങ്ങേറിയത്.

