നഗരവികസനത്തിന് സ്വകാര്യ പങ്കാളിത്തം അഭ്യര്‍ഥിച്ച് ജി സി ഡി എ

Web Desk
2 Min Read

കൊച്ചി: സ്വകാര്യമേഖലയുടെ പങ്കാളിത്തം നഗരവികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഗ്രെറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി മെംബര്‍ സെക്രട്ടറി അബ്ദുല്‍ മാലിക്ക് കെ വി. ജി സി ഡി എ സംഘടിപ്പിക്കുന്ന ബോധി നാഷണല്‍ അര്‍ബന്‍ കോണ്‍ക്ലേവിന് മുന്നോടിയായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെയുള്ള മൂന്നോ നാലോ പദ്ധതികള്‍ ജി സി ഡി എ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയും പണവും സാങ്കേതിക വൈദഗ്ധ്യവും ജി സി ഡി എയുടെ പക്കലുണ്ട്. എന്നാല്‍ സ്വകാര്യമേഖലയുടെ പ്രവര്‍ത്തനമികവ് കൂടി സര്‍ക്കാര്‍ പദ്ധതികളില്‍ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംയുക്ത സംരംഭങ്ങള്‍ സര്‍ക്കാര്‍ മേഖലയിലെ എന്‍ജിനീയര്‍മാര്‍ക്ക് ഒരു പഠനാനുഭവം കൂടിയായിരിക്കും.

ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഭവന- വാണിജ്യ സമുച്ചയം, ഓഫീസ് സമുച്ചയങ്ങള്‍, സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് കേന്ദ്രം തുടങ്ങിയ പദ്ധതികളാണ് ജി സി ഡി എ ലക്ഷ്യമിടുന്നത്.

- Advertisement -
Ad image

ജി സി ഡി എയും ക്രെഡായിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ നഗരവികസനത്തിനുള്ള സാമ്പത്തിക മാതൃകകളെ പറ്റി സംസാരിക്കുകയായിരുന്നു അബ്ദുല്‍ മാലിക്ക്. ലാന്‍ഡ് പൂളിംഗ്, ബെറ്റെര്‍മെന്റ് ലെവി, ട്രാന്‍സ്‌ഫെറബിള്‍ ഡെവലപ്‌മെന്റ് റൈറ്റ്‌സ്, മുനിസിപ്പല്‍ ബോണ്ടുകള്‍ തുടങ്ങിയ വിഭവ സമാഹരണ മാര്‍ഗങ്ങളില്‍ കേരളത്തിന്റെ സാധ്യതകള്‍ അദ്ദേഹം വിശദമാക്കി. നിലവിലുള്ള നഗരാസൂത്രണ നിയമങ്ങള്‍ ഇത്തരം മാര്‍ഗങ്ങള്‍ അനുവദിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവയുടെ കുറ്റമറ്റ നടത്തിപ്പിനായി നിയമങ്ങളില്‍ അനിവാര്യമായ ഭേദഗതികള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സെമിനാറില്‍ ചര്‍ച്ചയായി.

കൊച്ചിയില്‍ മാത്രം 900 ഭൂമി ലാന്‍ഡ് പൂളിംഗ് വഴി സമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി സമാഹരിക്കുകയും പിന്നീട് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന ഈ മാര്‍ഗം സംബന്ധിച്ച നിയമങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ വ്യക്തത വരുത്തുമെന്ന് ജി സി ഡി എ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

ബോധി ദേശീയ കോണ്‍ക്ലേവിന് മുന്നോടിയായുള്ള മൂന്നാമത്തെയും അവസാനത്തെയും സെമിനാര്‍ പങ്കാളിത്തം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധ നേടി. സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാകുന്നതിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ വിശ്വാസ്യത ഉറപ്പിക്കേണ്ടതുണ്ടെന്ന് ക്രെഡായ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കുറ്റമറ്റ കരാറുകളും വ്യവസ്ഥകളുമാണ് ഇതിന് പരിഹാരമെന്ന് അബ്ദുല്‍ മാലിക്ക് അഭിപ്രായപ്പെട്ടു.

സര്‍ക്കാരുമായുള്ള സംയുക്ത പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ പാതി വഴിയില്‍ നിലച്ചുപോകുന്ന ആശങ്ക മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കുവെച്ചു. മുന്‍കാലത്തെ കയ്പ്പേറിയ അനുഭവങ്ങള്‍ മായിച്ചു കളഞ്ഞുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുകയെന്നതാണ് ഇത്തരം ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 9, 10 തിയ്യതികളിലാണ് ബോധി ദേശീയ കോണ്‍ക്ലേവ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://www.nationalurbanconclave.com വെബ്‌സൈറ്റ് വഴി രെജിസ്റ്റര്‍ ചെയ്യാം.

Share This Article
Leave a Comment
error: Content is protected !!