

അഗര്‍ത്തല: ബംഗ്ലാദേശിലെ സംഘര്‍ഷത്തില്‍ ത്രിപുര കത്തിക്കാന്‍ ശ്രമിച്ച് സംഘപരിവാര്‍. വിശ്വഹിന്ദു പരിഷത്ത് റാലിയില്‍ വ്യാപക അക്രമം നടന്നപ്പോള്‍ ഒന്നുമറിയില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബി ജെ പി പറയുന്നത്.

വിശ്വഹിന്ദു പരിഷത്ത് പനിസാഗറില്‍ നടത്തിയ റാലിയില്‍ മൂവായിരത്തി അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ന്യൂനപക്ഷ സമുദായാംഗങ്ങളുടെ രണ്ട് കടകള്‍ കത്തിക്കുകയും പള്ളിക്കും വീടുകള്‍ക്കു നേരെയും ആക്രമണം നടത്തുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്തതായി സബ് ഡിവിഷണല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സൗഭിക് ദേയ് അറിയിച്ചു.

അക്രമങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ ബി ജെ പി തയ്യാറാക്കിയ തിരക്കഥയാണെന്ന് സി പി എം ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ത്രിപുര ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന് നിവേദനം നല്‍കിയിരുന്നു.
ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് വിഷയത്തില്‍ പ്രതിഷേധം നടക്കുകയാണ്. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ വി എച്ച് പിയും ഹിന്ദു ജാഗരണ്‍ മഞ്ചും റാലി സംഘടിപ്പിച്ചിരുന്നു.

