

ചെന്നൈ: സൂര്യന്‍, ജെന്റില്‍മാന്‍, കാതലന്‍, കാതല്‍ ദേശം, രക്ഷകന്‍ എന്നീ ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളി നിര്‍മ്മാതാവ് ജെന്റില്‍മാന്‍ കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ജെന്റില്‍മാന്‍ 2വിന്റെ സംവിധായകന്‍ ആരായിരിക്കും എന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിയായി. നാനിയെ നായകനാക്കി ‘ആഹാ കല്യാണം’ എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ ഗോകുല്‍ കൃഷ്ണയാണ് ബ്രഹ്മാണ്ഡ ചിത്രമായ ജെന്റില്‍മാന്‍ 2വിന്റെ സംവിധായകന്‍. നിര്‍മ്മാതാവ് തന്നെയാണു ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ അറിയിച്ചത്.

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്റെ സഹസംവിധായകനായി ബില്ല, അറിന്തും അറിയാമലും, പട്ടിയല്‍, സര്‍വ്വം എന്നീ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തിന്റെ ഉടമ കൂടിയാണ് ഗോകുല്‍ കൃഷ്ണ. ഷങ്കര്‍ എന്ന സംവിധായകനെ സമ്മാനിച്ച നിര്‍മ്മാതാവാണ് കുഞ്ഞുമോന്‍. എ ആര്‍ റഹ്മാനെ പ്രശസ്തനാക്കിയതും കുഞ്ഞുമോന്‍ സിനിമകളായിരുന്നു. ജെന്റില്‍മാന്‍ 2വിലൂടെ മറ്റൊരു ബ്രഹ്മാണ്ഡ സംവിധായകനെയാണ് താന്‍ സമ്മാനിക്കാനിരിക്കുന്നത് എന്നാണ് കുഞ്ഞുമോന്‍ പറയുന്നത്.

നേരത്തെ തന്നെ സംഗീത സംവിധായകനായി കീരവാണി എന്ന മരഗതമണി, നായികമാരായി നയന്‍താരാ ചക്രവര്‍ത്തി, പ്രിയാ ലാല്‍ എന്നിവരുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. നായകന്‍ ആരെന്ന സസ്‌പെന്‍സ് ഇപ്പോഴും നില നിര്‍ത്തുകയാണ് നിമ്മാതാവ്. ജെന്റില്‍മാന്‍ 2വിന്റെ അണിയറ സാങ്കേതിക വിദഗ്ദര്‍, മറ്റ് അഭിനേതാക്കള്‍ എല്ലാവരും ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗല്‍ഭരാണെന്നും അതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ വരും ദിവസങ്ങളില്‍ തന്നെ ഉണ്ടാവുമെന്നും കുഞ്ഞുമോന്‍ അറിയിച്ചു. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച് എ ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ജെന്റില്‍മാന്‍ 2വിന്റെ ചിത്രീകരണം വരുന്ന ചിങ്ങ മാസത്തില്‍ ഇന്ത്യയിലും വിദേശത്തുമായി നടക്കും.

