

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതുകൊണ്ടുതന്നെ കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആഗോളവാര്‍ത്തയുമായി സംസാരിക്കുന്നു

? ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ
= ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്ന് എന്ന രീതിയില്‍ കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമാണ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേര്‍ ഹജ്ജിനു പോകുന്ന മറ്റു സംസ്ഥാനങ്ങള്‍. ഈ മൂന്നു സംസ്ഥാനങ്ങളാണ് എല്ലായ്‌പോഴും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ വരാറുള്ളത്. ഇന്ത്യയിലുടനീളം വളരെ കാര്യക്ഷമമായും ശക്തമായും ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്ന കമ്മിറ്റിയാണ് കേരളത്തിന്റേത്.


ഹജ്ജിന് പോകാനുള്ളവരുടെ അപേക്ഷ ക്ഷണിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കേരളത്തില്‍ നിന്ന് ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതു മുതല്‍ ഹാജിമാര്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം വളരെ കാര്യക്ഷമമായും കൃത്യമായും നിര്‍വഹിക്കുന്നതും സഹായ സഹകരണങ്ങള്‍ ചെയ്യുന്നതും സാങ്കേതിക അറിവുകള്‍ നല്‍കുന്നതുമെല്ലാം കേരള ഹജ്ജ് കമ്മിറ്റിയാണ്.
അതോടൊപ്പം ഹജ്ജ് വേളയിലെ മര്യാദകളും അച്ചടക്കം പാലിക്കേണ്ട രീതികളുമെല്ലാം ഹാജിമാര്‍ക്ക് പഠിപ്പിച്ചുകൊടുക്കാനും കേരള ഹജ്ജ് കമ്മിറ്റി മുന്‍കൈ എടുക്കാറുണ്ട്. ഹജ്ജ് യാത്രയ്ക്ക് വിമാനത്താവളത്തില്‍ എത്തുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ ഹജ്ജ് ഹൗസിലെത്തി ഇഹ്‌റാം ചെയ്യിക്കലും കാര്യങ്ങള്‍ പ്രാക്ടിക്കലായി പഠിപ്പിക്കലുമെല്ലാം ഹജ്ജ് കമ്മിറ്റിയുടെ ഉത്തരവാദിത്വമായി കണ്ട് പ്രവര്‍ത്തിക്കും. മക്കയിലും മദീനയിലുമെത്തിയാല്‍ അവിടെ ആവശ്യമായ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതും ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ്.
കേരള ഹജ്ജ് കമ്മിറ്റിയില്‍ 16 പേരാണ് അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എക്‌സ്ഒഫിഷ്യോ അംഗവുമാണ്. ഒരു എം പി, രണ്ട് എം എല്‍ എമാര്‍, പ്രാദേശിക ഭരണകൂടത്തില്‍ നിന്നുള്ള മൂന്നുപേര്‍, സാമൂഹ്യ സംഘനടകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചുപേര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി സര്‍ക്കാരാണ് തെരഞ്ഞെടുക്കുന്നത്.

ഈ വര്‍ഷത്തെ ഹജ്ജിനു വേണ്ടി ഇതിനകം ഏഴായിരത്തിലേറെ പേര്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞിട്ടുണ്ട്. യാത്ര പോകേണ്ടവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യാത്ര ചെയ്യേണ്ടതിനെ കുറിച്ചും ഹജ്ജിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ക്ക് അവര്‍ക്ക് പറഞ്ഞു കൊടുക്കും.
? കേരളത്തില്‍ നിന്നും ഹജ്ജിനു പോകുന്നവര്‍ നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധികള്‍ എന്തൊക്കെയാണ്. അത് പരിഹരിക്കാന്‍ ഹജ്ജ് കമ്മിറ്റി ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കാമോ
= കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരെ സംബന്ധിച്ചിടത്തോളം പലപ്പോഴും പ്രധാന വിലങ്ങുതടിയായി മാറാറുള്ളത് ഉര്‍ദു അറിയില്ലെന്നതാണ്. തമിഴ്‌നാട്ടിലുള്ളവര്‍ക്കും ഇത് ബാധിക്കാറുണ്ട്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോകുന്നവര്‍ക്ക് ഹിന്ദിയും ഉര്‍ദുവും അറിയാവുന്നതിനാല്‍ ഇന്ത്യക്കാരെന്ന ഒരേ രീതിയില്‍ അവര്‍ക്ക് പെരുമാറാനാവും. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അത് സംഭവിക്കുന്നില്ല.
മക്കയിലും മദീനയിലുമൊക്കെ പലപ്പോഴും അസുഖം ബാധിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുമായി സംസാരിക്കാനോ അസുഖവിവരങ്ങള്‍ പറഞ്ഞു കൊടുക്കാനോ ഉര്‍ദു ഭാഷ അറിയാത്തത് വലിയ പ്രയാസമായി മാറാറുണ്ട്. ഇംഗ്ലീഷ് കുറച്ചൊക്കെ അറിയാവുന്നതുകൊണ്ടാണ് പലപ്പോഴും പിടിച്ചു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഹജ്ജ് വളണ്ടിയര്‍മാരോടും പരിശീലകരോടും ഉര്‍ദു ഭാഷ പഠിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ ഹജ്ജിന് പോകുന്നവര്‍ക്ക് അത്യാവശ്യമായ കുറച്ച് ഉര്‍ദു വാക്കുകളെങ്കിലും പഠിപ്പിച്ചു കൊടുക്കാനുള്ള പദ്ധതികളുണ്ട്. അത് പൂര്‍ത്തിയാക്കാനായാല്‍ കാര്യങ്ങള്‍ ഭംഗിയാവും.
എന്നാല്‍ മലയാളി ഹാജിമാരെ സംബന്ധിച്ചിടത്തോളം ഗുണകരമായ കാര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പോകുന്നവരെ അപേക്ഷിച്ച് നിയമങ്ങള്‍ പരമാവധി പാലിക്കാന്‍ ശ്രമിക്കുന്നവരാണ് അവരെന്നതാണ്. മറ്റു സംസ്ഥാനങ്ങളിലെ ഹാജിമാരെ അപേക്ഷിച്ച് വിദ്യാഭ്യാസം ശരാശരിയോ അതില്‍ കൂടുതലോ ഉള്ളവരാണ് കേരളത്തിലെ ഹാജിമാര്‍. അതുകൊണ്ട് ആ തരത്തിലുള്ള യാതൊരു പ്രയാസവുമില്ല. ഹജ്ജിന്റെ എല്ലാ നിയമങ്ങളും നിബന്ധനകളും പാലിക്കാന്‍ അവര്‍ തയ്യാറാണ്.

? ഹജ്ജ് കമ്മിറ്റി എന്തൊക്കെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്?
= സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവിഷ്‌ക്കരിച്ച ഒരു പദ്ധതിയായിരുന്നു ഹജ്ജ് ഹൗസിന്റെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം. കേരളത്തിലെ ഹാജിമാര്‍ക്കായി പതിനഞ്ച് ദിവസമോ അല്ലെങ്കില്‍ പലപ്പോഴായി ഏതാനും മാസങ്ങളോ മാത്രം ഉപയോഗപ്പെടുത്തുന്ന ഹജ്ജ് ഹൗസ് ഉംറക്കു പോകുന്നവര്‍ക്കു കൂടി ഉപയോഗപ്പെടുത്താന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിരുന്നു. കോവിഡ് വന്നതോടെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല.
കേരളത്തിലെ ഹജ്ജ് ഹൗസ് പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിയണമെങ്കില്‍ കോഴിക്കോട് തന്നെ എംബാര്‍ക്കേഷന്‍ പോയിന്റ് കിട്ടേണ്ടതുണ്ട്. കേരളത്തിലെ 84 ശതമാനം ഹാജിമാരും മലബാര്‍ മേഖലയില്‍ നിന്നുള്ളവരായതിനാല്‍ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ തന്നെയാവുന്നതാണ് നല്ലത്. ഹജ്ജ് ഹൗസിന്റെ സൗകര്യം ഉപയോഗപ്പെടുകയും ചെയ്യും. 2019ല്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 13457 പേരാണ് കേരളത്തില്‍ നിന്നും ഹജ്ജിന് പോയത്. കരിപ്പൂര്‍ വഴി 11204 പേര്‍ പോയപ്പോള്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ നിന്നായി 2253 പേര്‍ മാത്രമാണ് കൊച്ചിയെ ആശ്രയിച്ചത്. അതുകൊണ്ടുതന്നെ കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കേണ്ടതുണ്ട്.
കേരളത്തിലെ ഹാജിമാര്‍ക്ക് ഏറ്റവും സൗകര്യം കോഴിക്കോട് തന്നെയാണ്. അക്കാര്യം നേടിയെടുക്കാന്‍ മുംബൈയിലും ഡല്‍ഹിയിലുമെല്ലാം പോവുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ ഉള്‍പ്പെടെയുള്ള സംഘടനാ നേതൃത്വത്തിലുള്ളവും എം എല്‍ എമാരും എം പിമാരുമെല്ലാം ഈ വിഷയം കേന്ദ്രത്തെ ധരിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഹജ്ജ് സമ്മേളനം കേരളത്തില്‍ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തെ കുറിച്ച് 2019ലാണ് തീരുമാനമെടുത്തത്. അതനുസരിച്ച് കാര്യങ്ങള്‍ നീക്കിയിരുന്നുവെങ്കിലും കോവിഡ് വന്നതോടെ അതിന് തടസ്സം നേരിടുകയായിരുന്നു.
? കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാവില്ലേ?
= 2020ല്‍ കരിപ്പൂരിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് റണ്‍വേയ്ക്ക് ആവശ്യമായ വീതിയും വലുപ്പവുമില്ലെന്ന ആക്ഷേപം ഉയര്‍ന്നതോടെ ഹജ്ജിന് പോകേണ്ടവര്‍ക്ക് വലിയ വിമാനങ്ങളുടെ സൗകര്യം ലഭ്യമാകാത്ത സാഹചര്യമുണ്ട്. വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവുമോ എന്ന കാര്യത്തില്‍ വ്യോമയാന വകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ അത് ശരിയല്ലെന്ന് സൂചിപ്പിച്ച് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.
യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും വലിയ വിമാനങ്ങളിലല്ല കോഴിക്കോടു നിന്നും ഹജ്ജിനു പോകുന്നവര്‍ യാത്ര ചെയ്തത്. ചെറിയ വിമാനങ്ങള്‍ തന്നെയാണ് യാത്രക്കാരെ കൊണ്ടുപോയത്. പ്രസ്തുത സൗകര്യം ഇപ്പോഴും കോഴിക്കോടുണ്ട്. മാത്രമല്ല ഇന്ത്യയിലെ ധാരാളം വിമാനത്താവളങ്ങള്‍ കോഴിക്കോടിന്റെ വലിപ്പം മാത്രമുള്ളവയാണ്. അവിടെ നിന്നെല്ലാം ഹജ്ജിനു വേണ്ടിയുള്ള വിമാനങ്ങള്‍ പറന്നുയരുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നാല് വിമാനത്താവളങ്ങളിലൊന്നാണ് കോഴിക്കോട്. അതിനര്‍ഥം സൗകര്യത്തിലും യാത്രക്കാരെ ആകര്‍ഷിക്കുന്നതിലും കോഴിക്കോട് ഒട്ടും പിന്നിലല്ല എന്നാണല്ലോ. ഇക്കാര്യങ്ങളെല്ലാം വ്യോമയാന മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തീരുമാനമെടുത്തിട്ടില്ലെന്നും കാര്യങ്ങള്‍ അറിയിക്കാമെന്നുമാണ് വ്യോമയാന മന്ത്രി പറഞ്ഞത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

