

മാറു മറക്കല്‍ സമരം, വില്ലുവണ്ടി സമരം, ചുംബന സമരം എന്നു തുടങ്ങി പലതരം പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയ കേരളത്തില്‍ ഇതാ ഒരു സമരം കൂടി നടന്നിരിക്കുന്നു- ഹലുവ സമരം.

കേരളം സുരക്ഷിതമാണ് ഏത് സമയത്തും എത്ര തിരക്കുള്ള മിഠായി തെരുവില്‍ നിന്നു പോലും ഏത് ഗവര്‍ണര്‍ക്കും ഹലുവ വാങ്ങിക്കാം, രുചിച്ച് നോക്കാം, വേണമെങ്കില്‍ കുറച്ച് കൂടി തിരക്കുള്ള മാവൂര്‍ റോഡിലെ കോമള ഭവന്‍ റസ്റ്റോറന്റില്‍ പോയിരുന്നു മസാല ദോശയും വടയും കഴിക്കാം, ഒരു പ്രശ്‌നവുമില്ല. അത് ഗവര്‍ണര്‍ക്കെന്നല്ല ഏത് പൊലീസുകാരനും അറിയാവുന്നതാണ്.
എസ് എഫ് ഐക്കാര്‍ക്ക് മാത്രം അത് ഇതുവരെ മനസ്സിലായിട്ടില്ലായിരുന്നു.

ഇവിടെ അല്‍പം വിവേക ബുദ്ധി കാണിച്ചതില്‍ എസ് എഫ് ഐക്കാരെ അഭിനന്ദിക്കണം. കാരണം എവിടെയും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അത്തരം വല്ല സംഭവങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് കേരളം പ്രസിഡണ്ട് ഭരണത്തിലിരിക്കുമായിരുന്നു.
എങ്ങിനെ കടിച്ചിട്ടും ഒരിടത്തും കടി കിട്ടാത്ത കേരളത്തില്‍ എന്തെങ്കിലും നടക്കുമെങ്കില്‍ ഇങ്ങിനെയുള്ള അട്ടിമറിയിലൂടെ മാത്രമെ പറ്റുകയുള്ളൂ. അല്ലാതെ മുപ്പത് സീറ്റ് പിടിച്ച് ബാക്കി ഇപ്പൊ ശരിയാക്കി കളയാം എന്ന സുരേന്ദ്രന്‍ തിയറിയൊന്നും കേരളത്തില്‍ നടക്കില്ല എന്ന് വ്യക്തമായി അറിയാവുന്ന കേന്ദ്ര സര്‍ക്കാറിന്റെ കെണിയില്‍ തല വെച്ചു കൊടുക്കുകയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേരളം ഭരിക്കുന്ന പാര്‍ട്ടിയും അവരുടെ കുട്ടിപ്പട്ടാളവും.
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഉമ്മന്‍ ചാണ്ടിയെ തടയാം, കരിങ്കൊടി കാണിക്കാം, എറിഞ്ഞ് തല പൊട്ടിക്കാം, ഇവിടെ ഒന്നും സംഭവിക്കില്ല. കാരണം ഒരു കവിളില്‍ അടിച്ചാല്‍ മറു കവിള്‍ കൂടി കാണിച്ചു കൊടുത്ത പാരമ്പര്യമുള്ള പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
പക്ഷെ കേരള ഗവര്‍ണര്‍ അങ്ങിനെയല്ല. അദ്ദേഹത്തെ പ്രസിഡണ്ട് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ബി ജെ പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അയച്ചതാണെന്ന പഠിപ്പു പോലും തികഞ്ഞില്ലല്ലൊ മക്കളെ എന്ന് ചോദിക്കാന്‍ ഒരു ചന്തു പോലും നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലാതെ പോയല്ലൊ എന്ന് സഹതപിക്കുകയേ വഴിയുള്ളൂ.
ഉറങ്ങിക്കിടക്കുകയായിരുന്ന സഹപ്രവര്‍ത്തകരെ ഒന്ന് ഉണര്‍ത്തി എന്നത് നല്ല കാര്യം. പക്ഷെ എന്തുകാര്യം ചെയ്യുമ്പോഴും ഒന്ന് നോക്കിയും കണ്ടുമൊക്കെ ചെയ്യേണ്ടെ മോനെ ദിനേശാ, സോറി സനു ഏട്ടാ. അവസാനം ചിന്തിച്ചില്ല എന്ന് പറയിപ്പിക്കാതിരിക്കാനെങ്കിലും.

അഷറഫ് മടിയാരി

