

കൊച്ചി: ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ക്രിസ്മസ് ബംപറായി കൂടുമത്സ്യകൃഷി വിളവെടുപ്പ്. ക്രിസ്മസ്- പുതുവത്സര ആഘോഷവേളകളോടനുബന്ധിച്ച് നെട്ടൂര്‍, ഏഴിക്കര എന്നിവിടങ്ങളില്‍ നടന്ന കൂടുമത്സ്യ കൃഷി വിളവെടുപ്പില്‍ കര്‍ഷകര്‍ മികച്ച നേട്ടം കൊയ്തു. കരിമീന്‍, നാടന്‍ തിലാപ്പിയ എന്നീ മത്സ്യങ്ങളാണ് വിളവെടുത്തത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആര്‍ ഐ) നേതൃത്വത്തിലായിരുന്നു കൃഷി. സി എം എഫ് ആര്‍ ഐയുടെ ട്രൈബല്‍ സബ്പ്ലാന്‍ പദ്ധതിക്ക് കീഴില്‍ നെട്ടൂരിലെ തണ്ടാശേരി ട്രൈബല്‍ കോളനിയിലെ 22 പട്ടികവിഭാഗ കുടുംബങ്ങളെ പങ്കാളികളാക്കി നടന്ന മത്സ്യകൃഷിയില്‍ നാല് കൂടുകളില്‍ നിന്നായി 600 കിലോ കരിമീനും 1300 കിലോ തിലാപ്പിയയും വിളവെടുത്തു. എട്ട് മാസമായിരുന്നു കൃഷിയുടെ കാലയളവ്.


ഏഴിക്കരയില്‍ അഞ്ച് പട്ടികജാതി കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ കൂടുകൃഷിയില്‍ നിന്നും 250 കിലോ തിലാപ്പിയയാണ് വിളവെടുത്തത്. ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലാണ് സി എം എഫ് ആര്‍ ഐ ഇവിടെ മത്സ്യകൃഷിക്ക് നേതൃത്വം നല്‍കിയത്. ഡോ. കെ മധു, ഡോ. രമ മധു, രാജേഷ് എന്‍ എന്നിവരടങ്ങുന്ന സി എം എഫ് ആര്‍ ഐയിലെ ഗവേഷക സംഘമാണ് കൂടുമത്സ്യകൃഷിക്ക് നേതൃത്വം നല്‍കിയത്.

