
മസ്‌ക്കറ്റ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈന്‍ നഖ്വി ഒമാനില്‍ അന്തരിച്ചു. ഇന്ത്യന്‍ ദേശീയ ഹോക്കി ടീം താരമായി മികവു തെളിയിച്ച അദ്ദേഹം 1982ല്‍ ആണ് ഒമാനില്‍ എത്തുന്നത്. രണ്ട് വര്‍ഷത്തെ സേവനത്തിനായി എത്തിയ നഖ്വി 39 വര്‍ഷത്തോളം ഒമാനില്‍തന്നെ കായിക രംഗത്ത് പ്രവര്‍ത്തിച്ചുവരികയിരുന്നു. കായിക മേഖലക്കായി നീക്കിവെച്ച ജീവിതമായിരുന്നു എസ്.എ.എസ് നഖ്വിയുടേത്. 1973-1975വരെ ഇന്ത്യന്‍ ദേശീയ പുരുഷ ടീം കോച്ചായും 1978, 1979 വര്‍ഷങ്ങളില്‍ ദേശീയ വനിതാ ടീമിന്റെ കോച്ചായും പ്രവര്‍ത്തിച്ചു. 1982ല്‍ ആണ് ഒമാന്‍ ദേശീയ ടീം കോച്ച് ആയത്. 1984 മുതല്‍ 2002വരെ ഒമാന്‍ ഒളിമ്പിക് കമ്മിറ്റി ടെക്‌നിക്കല്‍ ഉപദേശകനായും സേവനം അനുഷ്ടിച്ചു. കളിക്കാരനായിരിക്കെ റഫറിയെന്ന നിലയിലും പരിശീലകനായും പേരെടുത്തു. ‘ഹോക്കി ഗരാന’ എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ 1932ലാണ് ജനനം. 1965ല്‍ മുംബൈയിലെ സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് എയര്‍ ഇന്ത്യ ടീമിനെയും ബോംബെ കസ്റ്റംസ് ടീമിനെയും പരിശീലിപ്പിച്ചു. ജോക്വിം കര്‍വാലോ, മയൂര്‍ പാണ്ഡെ, മെര്‍വിന്‍ ഫെര്‍ണാണ്ടസ്, സോമയ്യ തുടങ്ങി പില്‍ക്കാലത്ത് ഹോക്കിയില്‍ പ്രശസ്തരായവരെല്ലാം ഇദ്ദേഹത്തിന്റെ കളരിയില്‍ പഠിച്ചുതെളിഞ്ഞവരാണ്.


