
സ്വന്തം ലേഖകന്‍

കോഴിക്കോട്: കോടികള്‍ മുടക്കി നിര്‍മ്മിക്കുക, അതിന്റെ പൂര്‍ണ തോതിലുള്ള പ്രവര്‍ത്തനം ആരംഭിക്കാതിരിക്കുക, കേസുകളും നൂലാമാലകളുമായി കാലം കഴിയുക, അവസാനം പൂര്‍ണമായും സജ്ജമാകാനിരിക്കെ വിവാദത്തില്‍ വീണ്ടും പെടുക. കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ കഥ തുടരുകയാണ്.


കെട്ടിട നിര്‍മാണത്തിലെ അപാകതകളാണിപ്പോള്‍ വാര്‍ത്തയാവുന്നത്. നിര്‍മാണമേല്‍നോട്ടം വഹിച്ച കെ.ടി.ഡി.എഫ്.സി ചീഫ് എന്‍ജിനീയറെയും ആര്‍ക്കിടെക്ടിനെയും വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. ബസ് ടെര്‍മിനലിന്റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചെന്നൈ ഐഐടിക്ക് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കി….. തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ കേള്‍ക്കുന്നു. 50 കോടി വകയിരുത്തിയ പദ്ധതി 2015ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് 74.63 കോടിയായിരുന്നു.
ഫലത്തില്‍ ഒരു ബങ്കറിന്റെ അവസ്ഥയാണ് സ്റ്റാന്റിനുള്ളത്. കാറ്റും വെളിച്ചവും കടക്കാത്ത, വൈദ്യുതി ബന്ധം നിലച്ചാല്‍ കൂരാകൂരിരുട്ട് പരക്കുന്ന അവസ്ഥ. മഴക്കാലത്തു പോലും ജനങ്ങള്‍ ഈ ബങ്കറിനുള്ളില്‍ വിയര്‍ത്തു കുളിക്കും. ഇത്തരത്തില്‍ ഒരു നിര്‍മാണം നടത്തിയതില്‍ അപാകതകളുണ്ടെന്ന് തുടക്കത്തിലെ ജനസംസാരമുണ്ടായിരുന്നു. പരമാവധി കച്ചവട സാധ്യതകള്‍ കണ്ടാണ് ബഹുനില കെട്ടിടം നിര്‍മിച്ചതെങ്കിലും ഉദ്ഘാടനം നടന്ന് വര്‍ഷങ്ങളായിട്ടും ഒന്നും നടന്നില്ല. ബസ് ടെര്‍മിനലിന്റെ പേരില്‍ മേനി പറഞ്ഞിരുന്ന പല നേതാക്കളും പാര്‍ട്ടിക്കാരും ഇപ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കുകയാണ്.
കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടുകൊണ്ടുള്ള മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ എതിരാളികള്‍ ആയുധമാക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനായിരുന്നു കോഴിക്കോട്ടെ ടെര്‍മിനല്‍. ഏകദേശം 30 കോടി രൂപ ഇതിന്റെ ബലക്ഷയം മാറ്റാന്‍ വേണ്ടി ഇനിയും ചെലവാക്കുമെന്നാണ് കരുതുന്നത്.
