
ദോഹ: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഹോം സ്‌കൂളിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിദ്യാര്‍ഥികളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ പഠനാനുഭവങ്ങള്‍ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാാണ് ഇത്തരമൊരു സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്.

സി ബി എസ് ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഈ സംരംഭത്തില്‍ ഓരോ വിദ്യാര്‍ഥിക്കും സ്വന്തം താത്പര്യത്തിന് അനുസരിച്ച് വ്യക്തിഗതമായ പഠനത്തിനുള്ള സൗകര്യമുണ്ട്. സമഗ്രമായ പഠനസാമഗ്രികള്‍ക്കും ഘടനാപരമായ വിലയിരുത്തലുകള്‍ക്കുമുള്ള സൗകര്യമുള്ളതിനാല്‍ പരമ്പരാഗത ക്ലാസ് റൂം ക്രമീകരണത്തിനപ്പുറം അക്കാദമിക് മികവ് കൈവരിക്കാന്‍ പഠിതാക്കള്‍ക്ക് ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

വിദ്യാര്‍ഥി കേന്ദീകൃത പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എപ്പോള്‍ വേണമെങ്കിലും എവിടെയും വിദ്യാഭ്യാസം തുടരാന്‍ പഠിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഹോം സ്‌കൂളിംഗ് സംവിധാനത്തിന്റെ ലക്ഷ്യം.
കുട്ടികളെ ചേര്‍ക്കാന്‍ താത്പര്യമുള്ള രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് www.sisqatar.info എന്ന സ്‌കൂള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം.

