

കോഴിക്കോട്: ദേശീയ മാനവികസൗഹൃദ വേദിയുടെ ഇന്ത്യന്‍ ഭരണഘടനാ ദിനാചരണം മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

മേരെ ഘര്‍ ആക്കെ തോ ദേ ഘോ (എന്റെ വീട്ടിലേക്ക് വരൂ, എന്നെ അറിയൂ) കാമ്പയിനിന്റെ ഭാഗമായി ദേശീയ മാനവിക സൗഹൃദ വേദി കോഴിക്കോട് ഘടകം കോഴിക്കോട് ബീച്ചില്‍ ഇന്ത്യന്‍ ഭരണഘടനാ ദിനം സംഘടിപ്പിച്ചത്.

പലതിന്റെയും തുടര്‍ച്ചയാണ് ഈ രാജ്യത്തിന്റെ സംസ്‌കാരമെങ്കിലും അതെല്ലാം വന്നെത്തുന്നത് ശ്രീനാരായണ ഗുരുവിലാണ്. ഗാന്ധിജിയെ പ്പോലും സ്വാധീനിക്കത്തക്ക രീതിയില്‍ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിച്ച നാരായണ ഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ പോലുള്ള ആശയങ്ങളെ നാം ഉപേക്ഷിക്കുകയും യുക്തി പ്രവര്‍ത്തിക്കാത്ത ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു നടക്കുകയുമാണ്. മതസൗഹാര്‍ദ്ദം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും മനോഹരമായ കേരളത്തെ ഇങ്ങനെ തന്നെ നിലനിര്‍ത്താന്‍ നമുക്ക് കഴിയണം. ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു നിര്‍മ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ മതസൗഹാര്‍ദ്ദ മണല്‍ ശില്പത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മേയര്‍.
പ്രമുഖ കവി കെ സച്ചിദാനന്ദന്‍ രചിച്ച ‘എന്‍ വീട്ടില്‍ വന്നൊന്നു നോക്കൂ’ എന്ന മുദ്രാഗാനം പുരോഗമന കലാ സാഹിത്യ സംഘം വെള്ളിമാട്കുന്ന് യൂണിറ്റിലെ പ്രജൂഷും ഗീതാഞ്ജലിയും ചേര്‍ന്ന് ആലപിച്ചു. ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് കുഞ്ഞന്‍ ചേളന്നൂര്‍ ജീവതാളം നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തി.
കാമ്പയിന്‍ ദേശീയ സമിതി അംഗം ഹരിദാസ് കൊളത്തൂര്‍ (മലപ്പുറം), എഴുത്തുകാരായ ഐസക്ക് ഈപ്പന്‍, ഡോ. എന്‍ എം സണ്ണി, ജില്ലാ നിര്‍വ്വാഹക സമിതി അംഗം സോമസുന്ദരം, യുവ കലാസാഹിതി സംസ്ഥാന സെക്രട്ടറി അഷറഫ് കുരുവട്ടൂര്‍, ഡോ. കെ മൊയ്തു, ദര്‍ശനം സെക്രട്ടറി എം എ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭരണഘടനയുടെ ആമുഖം സാമൂഹ്യ പ്രവര്‍ത്തകന്‍ വിജയരാഘവന്‍ ചേലിയ ചൊല്ലിയത് സദസ്സ് ഒന്നടങ്കം ഏറ്റുചൊല്ലി.
ഡോ. ഖദീജാ മുംതാസ് അധ്യക്ഷത വഹിച്ചു. ദര്‍ശനം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ടി കെ സുനില്‍കുമാര്‍ സ്വാഗതവും പ്രമുഖ വയലിനിസ്റ്റും പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ട്രഷററുമായ വില്‍സണ്‍ സാമുവല്‍ നന്ദിയും പറഞ്ഞു.
നേരത്തെ ഡോ. എന്‍ എം സണ്ണിയുടെ നേതൃത്വത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിലേയും ദേവഗിരി സെന്റ് ജോസഫ്‌സ് കോളജിലെയും 16 എന്‍ എസ് എസ് വളന്റിയര്‍മാര്‍ കോരി നല്‍കിയ കടല്‍ജലം ഉപയോഗിച്ച് ഒരു മണിക്കൂര്‍ 40 മിനിട്ടു കൊണ്ട് 1140 സ്‌ക്വയര്‍ അടി വലിപ്പം ഉള്ള മതസൗഹാര്‍ദ്ദ മണല്‍ ശില്പം ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു ഒരുക്കി. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ മണല്‍ ശില്പം ഒരുക്കിയ ഗുരുകുലം ബാബുവിന് ടാലന്റ് റിക്കോര്‍ഡ് ബുക്കിന്റെ അഡ്ജൂഡിക്കേറ്ററും 2019ല്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഗിന്നസ് റിക്കോര്‍ഡ് ഉടമകളായവരുടെ സംഘടനയായ ‘ആഗ്രഹി’ന്റെ സംസ്ഥാന പ്രസിഡന്റുമായ സത്താര്‍ ആദൂര്‍, ഗുരുകുലം ബാബുവിന് റിക്കോര്‍ഡ് രേഖകള്‍ കൈമാറി. പി കെ ഗോപി ആദരപത്രം സമര്‍പ്പിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ യു എ ഫിറോസ്, ഗ്രന്ഥകാരനും ലൈബ്രറി പ്രവര്‍ത്തകനുമായ എസ് എ ഖുദ്‌സി, സല്‍മി സത്യാര്‍ഥി, പരിപാടിയുടെ ഏകോപനം നിര്‍വഹിച്ച ദര്‍ശനം സാംസ്‌കാരിക വേദി നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ കെ സഹീര്‍ (ചെയര്‍മാന്‍), എം കെ ശിവദാസ്, കെ എം ശ്രീനിവാസന്‍, കെ സതീശന്‍, ഡഗ്ലസ് ഡിസില്‍വ, എം കെ സജീവ് കുമാര്‍, പി ദീപേഷ് കുമാര്‍, കെ ഗോപി, കെ പി മോഹന്‍ദാസ്, എം കെ ശ്രീകുമാര്‍, ബാബു നമ്പ്യാലത്ത്, ആര്‍ട്ടിസ്റ്റ് സെല്‍വരാജ്, എം കെ അനില്‍കുമാര്‍, എ വിഷ്ണുനമ്പൂതിരി, വനിതാവേദി പ്രവര്‍ത്തകരായ ശശികലാ മഠത്തില്‍, പി കെ ശാലിനി, ജിഷി സുനില്‍കുമാര്‍, സുധ കളംകൊള്ളി, പ്രസന്ന നമ്പ്യാര്‍, പി തങ്കം, മിനി കമല്‍, കെ കെ വിനോദ് കുമാര്‍, ലൈബ്രേറിയന്‍മാരായ വി വിലാസിനി, വി ജുലൈന, എന്നിവര്‍ നേതൃത്വം നല്കി. ഭരണഘടനയുടെ 74-ാം വാര്‍ഷിക ദിനത്തില്‍ അത്രയും എണ്ണം വിവിധ നിറങ്ങളിലുള്ള വിളക്കുകള്‍ തെളിച്ചതോടെ പരിപാടിക്ക് സമാപനമായി.

