
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയ പ്രശസ്ത ഗായകനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ജി വേണുഗോപാലിന് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സ്നേഹാദരവ് നല്കി.

പ്രവാസി കലാകാരന്മാരുടെ സര്‍ഗ്ഗാത്മക കൂട്ടായ്മകളെ സജീവമായി നിലനിര്‍ത്താനും അവരുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ പിന്തുണ നല്‍കാനും അക്കാദമി പ്രതിജ്ഞാബദ്ധമാണെന്നും ചെയര്മാന് വ്യക്തമാക്കി.

നാടകങ്ങള്‍ക്കൊപ്പം ഫോക്ലോര് കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കും. ചെയര്മാന് എന്നതിനേക്കാള്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവുറ്റതും സര്ഗ്ഗാത്മകവുമാക്കാനുള്ള
ഫെസിലേറ്റര്‍ മാത്രമാണ് തന്റെ പദവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമി പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് സാംസ്കാരിക മന്ത്രിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
റിയാലിറ്റി ഷോകള്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലെയും കഴിവുള്ളവര്‍ക്ക് പ്രോത്സാഹനവും അവസരവും നല്കുന്നു. കാലത്തിന്റെ മാറ്റം സംഗീതത്തിലും ഗാനരചനയിലും പ്രതിഫലിക്കുന്നുണ്ട്.
പ്രവാസ ലോകത്തെ നാടുമായി കൂട്ടിയിണക്കുന്നത് സംഗീതവും സംസ്കാരവുമാണ്. പ്രവാസ ലോകത്തെ പുതിയ തലമുറ താനടക്കമുള്ളവരുടെ ആസ്വാദകരാണ്. പുതിയ ഗായകര്‍ വന്നും പോയികൊണ്ടിരിക്കുകയാണെങ്കിലും വരും കാലത്ത് മഹാഗായകന് ഉണ്ടായിക്കൂടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപിച്ച എല്ലാ ഗാനങ്ങളും ഇഷ്ടമാണ്. ആസ്വാദകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ഇഷ്ടഗായകന് തലത്ത് മഹമൂദാണെന്നും ജി വേണുഗോപാല്‍ തുറന്നു പറഞ്ഞു.
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ ‘ഇറ്റ്ഫോക്’ ഫെബ്രുവരി 21 മുതല്‍ 28 വരെ നടക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങളിലാണെന്നും അക്കാദമി ചെയര്മാന് ജി വേണുഗോപാല്‍ പറഞ്ഞു.
കോഴിക്കോട് സ്റ്റാര്‍ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഐ എം എഫ് പ്രസിഡന്റ് ഓമനക്കുട്ടന് പരുമല അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഐ എം എഫ് അംഗങ്ങള്‍ ചേര്‍ന്ന് ജി വേണുഗോപാലിന് സ്നേഹോപഹാരം കൈമാറി. ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീക്ക് അറയ്ക്കല്‍ സ്വാഗതവും ട്രഷറര്‍ ആര് ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സെക്രട്ടറി അന്‍വര്‍ പാലേരി എന്നിവര്‍ നേതൃത്വം നല്കി.

