
കൊച്ചി: വിദ്യാഭ്യാസം എന്നത് സ്‌കൂളില്‍ നിന്നോ ക്ലാസ് റൂമുകളില്‍ നിന്നോ മാത്രം ലഭിക്കുന്നതല്ലെന്നും നല്ല രീതിയില്‍ ജീവിതം ഒരുക്കുകയാണ് പ്രധാനമെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നല്ല ചിന്തയും നല്ല പെരുമാറ്റവും ആണ് കുട്ടികളില്‍ വളര്‍ത്തേണ്ടത്. കുട്ടികളില്‍ ബൗദ്ധികമായ നിര്‍ഭയത്വം രൂപപ്പെടുത്തുക എന്നതായിരിക്കണം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ എജ്യൂ പ്രസ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കണം. അവരെ സമൂഹത്തിന്റെ നിക്ഷേപമായി കണ്ടാല്‍, ഭാവിയില്‍ അവര്‍ സമൂഹത്തിന് നൂറുമടങ്ങ് തിരിച്ചുനല്‍കും. രാഷ്ട്ര നിര്‍മാതാക്കളായാണ് അവരെ വളര്‍ത്തേണ്ടത്. അതുവഴി ആഗോള പൗരനായി മാറാന്‍ അവര്‍ക്ക് സാധിക്കും. അതിനര്‍ഥം കേരള വിട്ടുപോവണം എന്നല്ല, എവിടെ ജീവിച്ചാലും ആത്യന്തികമായി കേരളീയന്‍ ആയിരിക്കണം. സാംസ്‌കാരികതയെ അത്രയും നെഞ്ചേറ്റുന്ന സമൂഹം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ചടങ്ങില്‍ അദ്ദേഹം കൈമാറി. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. നെസ്റ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് തോമസ് എബ്രഹാം, എ വി എ ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ ടി സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി എം ഷജില്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് തൈവളപ്പ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന അവധിക്കാല ക്യാമ്പിന് സത്കല വിജയന്‍ നേതൃത്വം നല്‍കി.

