

കൊച്ചി: ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം ഇഷ്ടരാഗം സുരേഷ് ഗോപി അടക്കമുള്ള പ്രശസ്ത താരങ്ങളുടെ ഫേസ്ബുക് പേജ് മുഖേന പോസ്റ്റര്‍ റിലീസ് ചെയ്തു. മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ഇഷ്ടരാഗത്തില്‍ ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍, വേണു അമ്പലപ്പുഴ, അര്‍ജുന്‍, ജലജ റാണി, രഘുനാഥ് മടിയന്‍, ജീഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അനുവിന്റെയും ശ്രീരാഗിന്റെയും ഗാഢമായ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുവരുടെയും വാക്കുകള്‍ക്ക് അതീതമായ പ്രണയത്തിന്റെ തീവ്രത കൂടിയപ്പോള്‍ അനു ശ്രീരാഗിന്റെ അടുത്തേക്ക് പുറപ്പെടുന്നു. ശ്രീരാഗിന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരക്കൊല്ലി മല നിരകളിലുള്ള ഒരു റിസോര്‍ട്ടില്‍ കമിതാക്കള്‍ എത്തുന്നു. അതേസമയം സ്ഥലം എം എല്‍ എ മോനായിയുടെ മകന്‍ ജഗനും കൂട്ടുകാരും റിസോര്‍ട്ടില്‍ താമസിക്കുകയാ യിരുന്നു. അവര്‍ അനുവിനോട് കാമാവേശം കാട്ടുന്നു. ജഗനും ശ്രീരാഗുമായി കയ്യേറ്റം ഉണ്ടാകുന്നു. അവിടേക്ക് എസ് ഐ അനൂപ് ശങ്കര്‍ എത്തുന്നു. അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം ഇവര്‍ അവിടുന്ന് രക്ഷപ്പെടുന്നു. പിന്നീടുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്.
ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റര്‍ടൈന്‍മെന്റ്‌സ്, എസ് ആര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജി. കെ. രവികുമാര്‍ നിര്‍വ്വഹിക്കുന്നു.
തിരക്കഥ, സംഭാഷണം ചന്ദ്രന്‍ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികള്‍ക്ക് വിനീഷ് പണിക്കര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകര്‍. പി ആര്‍ ഒ: എം കെ ഷെജിന്‍.

