
മുംബൈ: ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പ്പനയ്ക്ക് (ഐ പി ഒ) മുന്നോടിയായി, അടുത്ത ഘട്ടത്തിലെ വളര്ച്ചാ പദ്ധതികള് പ്രഖ്യാപിച്ച് ജിയോ പ്ലാറ്റ്ഫോംസ്. മുംബൈയില് മാധ്യമ പ്രവര്ത്തകരുമായി നടത്തിയ സംവാദത്തില് ജിയോ പ്ലാറ്റ്ഫോംസ് മാനേജിങ് ഡയറക്ടര് ആകാശ് അംബാനിയാണ് കമ്പനിയുടെ വളര്ച്ചയുടെ മൂന്ന് പ്രധാന മേഖലകളായി മൊബിലിറ്റി, ഹോം, എന്റര്പ്രൈസ്അന്താരാഷ്ട്ര ബിസിനസ് എന്നിവയെ അവതരിപ്പിച്ചത്.

സാങ്കേതികവിദ്യ, ഡിജിറ്റല് സേവനങ്ങളിലേക്കുള്ള പ്രവേശനമാര്ഗങ്ങള്, ശക്തമായ അടിസ്ഥാന സൗകര്യങ്ങള് എന്നിവയുടെ കരുത്തില് 2030- 31 സാമ്പത്തിക വര്ഷത്തോടെ ഇന്ത്യയുടെ ഏകദേശം 1.4 ട്രില്യണ് ഡോളറിന്റെ ഡിജിറ്റല് സമ്പദ്വ്യവസ്ഥയില് നിര്ണായക പങ്കുവഹിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഓരോ ഇന്ത്യക്കാരനും ഓരോ വീടിനും ഓരോ സ്ഥാപനത്തിനും മെച്ചപ്പെട്ടതും താങ്ങാനാവുന്നതുമായ ഡിജിറ്റല് സേവനങ്ങള് ലഭ്യമാക്കുന്നതിനാണ് ജിയോയുടെ മുന്ഗണനയെന്ന് ആകാശ് അംബാനി വ്യക്തമാക്കി.

നിലവില് ഏകദേശം 53.3 കോടി കണക്റ്റിവിറ്റി ഉപഭോക്താക്കളുള്ള ജിയോ, ഇന്ത്യയിലെ മൊത്തം ഡാറ്റാ ട്രാഫിക്കിന്റെ 60 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു.
അടുത്ത അഞ്ച് വര്ഷത്തിനുള്ളില് 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതിനും പുതിയ കണക്ഷനുകള് നേടുന്നതിനുമായി ഏകദേശം 34 കോടി ഉപഭോക്താക്കളുടെ വിപണി സാധ്യതയാണ് മൊബിലിറ്റി മേഖലയില് ജിയോ കാണുന്നത്. ഇതില് ഏകദേശം 10 കോടി പേര് ആദ്യമായി മൊബൈല് കണക്ഷന് എടുക്കുന്നവരായിരിക്കും. നിലവില് 2ജി ഉപയോഗിക്കുന്ന ഏകദേശം 24 കോടി ഉപഭോക്താക്കള് 4ജിയിലേക്കും 5ജിയിലേക്കും മാറാനുള്ള സാധ്യതയുമുണ്ട്.
2025-26 സാമ്പത്തിക വര്ഷത്തില് സജീവ മൊബൈല് ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ അറ്റ വര്ധനയില് ജിയോയുടെ വളര്ച്ച, രണ്ടാമത്തെ വലിയ ഓപ്പറേറ്ററുടേതിന്റെ ഏകദേശം മൂന്നിരട്ടിയായിരുന്നുവെന്നും ആകാശ് അംബാനി പറഞ്ഞു.
വരും വര്ഷങ്ങളില് വളര്ച്ചയുടെ പ്രധാന ചാലകശക്തിയായി ഹോം ബ്രോഡ്ബാന്ഡ് മേഖലയെയാണ് ജിയോ കണക്കാക്കുന്നത്. നിലവില് ഏകദേശം 2.86 കോടി ഫിക്സഡ് ബ്രോഡ്ബാന്ഡ് ഉപഭോക്താക്കളുള്ള കമ്പനി, ഈ അടിത്തറ 10 കോടി വീടുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2025- 26 സാമ്പത്തിക വര്ഷത്തില് രാജ്യത്ത് പുതുതായി ചേര്ത്ത ഫിക്സഡ് ബ്രോഡ്ബാന്ഡ് കണക്ഷനുകളില് ഏകദേശം 67.5 ശതമാനവും ജിയോയുടേതായിരുന്നു. ഫൈബര് കണക്റ്റിവിറ്റിക്കൊപ്പം വയര്ലെസ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി രാജ്യത്തെ 19,000 പിന്കോഡുകളിലേക്ക് സേവനങ്ങളുടെ ലഭ്യത വ്യാപിപ്പിക്കുകയാണെന്ന് ആകാശ് അംബാനി വ്യക്തമാക്കി.
എന്റര്പ്രൈസ് ഡിജിറ്റല് സേവനങ്ങളും അന്താരാഷ്ട്ര ബിസിനസുമാണ് ജിയോയുടെ മൂന്നാമത്തെ വളര്ച്ചാ എന്ജിന്. ഇന്ത്യയിലെ എന്റര്പ്രൈസ് ഡിജിറ്റല് സേവന വിപണിയുടെ വലുപ്പം ഏകദേശം 5.1 ലക്ഷം കോടി രൂപ അഥവാ 56.8 ബില്യണ് ഡോളറാണെന്നാണ് ജിയോയുടെ വിലയിരുത്തല്. രാജ്യത്തെ ബാങ്ക് ശാഖകളില് ഏകദേശം 65 ശതമാനവും ജിയോ നെറ്റ്വര്ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആകാശ് അംബാനി പറഞ്ഞു.
ജിയോ സ്വന്തമായി വികസിപ്പിച്ച സമഗ്ര സാങ്കേതികവിദ്യാ സംവിധാനങ്ങള് തിരഞ്ഞെടുത്ത വിദേശ വിപണികളില് വാണിജ്യവല്ക്കരിക്കാനും കമ്പനി പദ്ധതിയിടുന്നു. സോഫ്റ്റ്വെയര് വില്പ്പനയില് മാത്രം ഒതുങ്ങാതെ, ആഗോള ടെലികോം കമ്പനികള്ക്ക് മാനേജ്ഡ് സര്വീസ് പങ്കാളിയായി സേവനങ്ങള് നല്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഇന്ത്യയ്ക്ക് സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യുന്ന രാജ്യത്തില്നിന്ന് സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറാനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില് വികസിപ്പിച്ച സാങ്കേതികവിദ്യകള് ആഗോള വിപണികളിലേക്ക് എത്തിക്കുന്നതിലൂടെ രാജ്യത്തിന്റെ സാങ്കേതികവിദ്യാ കയറ്റുമതി ശേഷി ശക്തിപ്പെടുത്താനാണ് ജിയോ ലക്ഷ്യമിടുന്നത്.
പത്രസമ്മേളനത്തില് ഇഷ അംബാനി, ജിയോയുടെ തുടക്കത്തെയും റിലയന്സിന്റെ ബിസിനസ് സമീപനത്തെയും കുറിച്ച് വിശദീകരിച്ചു. ദീര്ഘകാല കാഴ്ചപ്പാട്, വലിയ തോതിലുള്ള പ്രവര്ത്തനം, മികച്ച നിര്വഹണശേഷി, സാമ്പത്തിക അച്ചടക്കം എന്നിവയിലാണ് കമ്പനിയുടെ വിശ്വാസമെന്ന് അവര് പറഞ്ഞു.
റിലയന്സ് സ്ഥാപകന് ധീരുഭായ് അംബാനിയെയും 1977-ലെ റിലയന്സിന്റെ ഐപിഒയെയും അനുസ്മരിച്ചുകൊണ്ടാണ് പത്രസമ്മേളനത്തിന് ഉദയ് കൊട്ടക് തുടക്കമിട്ടത്.

