

കൊച്ചി: മൈക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ജോണ്‍ അബ്രഹാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി ജോണ്‍ അബ്രഹാമും ഒപ്പം ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലൂടെ ജെ എ എന്റര്‍ടൈന്‍മെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. ചിത്രത്തിലൂടെ രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് ജെ.എ എന്റര്‍ടൈന്‍മെന്റ്.

വിക്കി ഡോണര്‍, മദ്രാസ് കഫെ, പരമാണു, ബത്ല ഹൗസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച് നിരവധി കഴിവുറ്റ പ്രതിഭകളെ സിനിമ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ജെ എ എന്റര്‍ടൈന്‍മെന്റ് രഞ്ജിത്ത് സജീവിന് മലയാള സിനിമയിലേക്കുള്ള ലോഞ്ച് പാഡ് ആയി ഒരുങ്ങിക്കഴിഞ്ഞു. ഈ ലോഞ്ചിലൂടെ ജെ എ എന്റര്‍ടൈന്‍മെന്റ് പരിചയപ്പെടുത്തിയ കഴിവുറ്റ പ്രതിഭകളുടെ നിരയിലേക്ക് ചേര്‍ക്കപ്പെടുകയാണ് രഞ്ജിത്ത് സജീവ് എന്ന പേര്. രഞ്ജിത്ത് സജീവും അനശ്വര രാജനും ഉള്‍പ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയത്.

ക്യാമറക്ക് മുന്നിലും പിന്നിലും നിരവധി അതുല്യ പ്രതിഭകളെ അണിനിരത്തുന്ന ചിത്രമാണ് മൈക്ക്. അനശ്വര രാജന്, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം, സിനി എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. അഞ്ച് സുന്ദരികള്‍, സി ഐ എ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഷൈലോക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദേശീയ പുരസ്കാര ജേതാവും ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, അന്‍വര്‍, ഒരു കാല് ഒരു കണ്ണാടി, മരിയാന്, രജ്നി മുരുകന്, പേട്ട, എസ്രാ തുടങ്ങി നിരവധി മലയാളം- തമിഴ് ചിത്രങ്ങളുടെ എഡിറ്റിംഗ് കൈകാര്യം ചെയ്ത വിവേക് ഹര്ഷന് ആണ് എഡിറ്റര്‍.
അര്ജുന് റെഡ്ഡി, ഡാര്‍ലിംഗ് 2, ഹുഷാറു തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ രചിച്ച രഥന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. കലാസംവിധാനം- രഞ്ജിത് കൊതേരി, മേക്കപ്പ്- റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം- സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി ജെ, ബിനു മുരളി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്മാര്. മൈക്കിന്റെ ചിത്രീകരണം കേരളത്തിന്റെ അകത്തും പുറത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

