

ചെന്നൈ: വിരുമന്‍, പൊന്നിയിന്‍ സെല്‍വന്‍, സര്‍ദാര്‍ എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടന്‍ കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാന് ചെന്നൈയില്‍ തുടക്കം. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.

ശകുനി, കാഷ്‌മോര, ധീരന്‍ അധികാരം ഒന്ന്, കൈതി, സുല്‍ത്താന്‍ എന്നീ അഞ്ച് കാര്‍ത്തി ഹിറ്റുകളുടെ തുടര്‍ച്ചയായി ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ജപ്പാന്‍. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ജപ്പാന്‍ ബ്രഹ്മാണ്ഡ ചിത്രമായാണ് അണിയിച്ചൊരുക്കുന്നത്. തെലുങ്കില്‍ ഹാസ്യ നടനായി രംഗപ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവടുവെക്കുന്നു.

സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന പുഷ്പയില്‍ മംഗളം സീനു എന്ന വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനില്‍ എന്നതും ശ്രദ്ധേയമാണ്. ഗോലി സോഡ, കടുക് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ വിജയ് മില്‍ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. സംവിധായകന്‍ രാജു മുരുകന്‍- കാര്‍ത്തി- ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടുകെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ജപ്പാന്‍ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു. വ്യത്യസ്തമായ രൂപഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. പൊന്നിയിന്‍ സെല്‍വനിലൂടെ ശ്രദ്ധേയനായ രവി വര്‍മ്മനാണ് ഛായാഗ്രാഹകന്‍.
നവംബര്‍ 12 മുതല്‍ തൂത്തുക്കുടിയിലും കേരളത്തിലുമായി ചിത്രീകരണം നടക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ തന്നെ പുറത്തു വിടുമെന്നും അണിയക്കാര്‍ അറിയിച്ചു. സി കെ അജയ് കുമാറാണ് പി ആര്‍ ഒ.

