ജോണ്‍ അബ്രഹാം അവതരിപ്പിക്കുന്ന രഞ്ജിത്ത് സജീവ്, അനശ്വരാ രാജന്‍ ചിത്രം മൈക്ക് റിലീസ് ആഗസ്റ്റ് 19ന്

Web Desk
2 Min Read

കൊച്ചി: ജോണ്‍ എബ്രഹാം എന്റര്‍ടൈന്‍മെന്റിന്റെ ആദ്യ മലയാള ചിത്രം മൈക്ക് ട്രെയ്‌ലറിലും ഗാനങ്ങളിലൂടെയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. നവാഗതനായ രഞ്ജിത്ത് സജീവിനെ ഈ ചിത്രത്തിലൂടെ ജോണ്‍ അബ്രഹാം മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നു. പുതുമുഖം എന്നതിലുപരി ഗംഭീരമായ പ്രകടനമാണ് രഞ്ജിത്ത് സജീവിന്റെ ഭാഗത്തു നിന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്ന് സംവിധായകന്‍ വിഷ്ണു ശിവപ്രസാദ് അഭിപ്രായപ്പെട്ടു. അനശ്വരാ രാജനാണ് ചിത്രത്തിലെ നായിക. മൈക്കിന്റെ സംഗീത സംവിധാനം നല്‍കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്.

city exchange

വിക്കി ഡോണര്‍, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകള്‍ നിര്‍മ്മിച്ച നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെ. എ എന്റര്‍ടെയ്ന്‍മെന്റാണ് മൈക്ക് നിര്‍മ്മിക്കുന്നത്. ജെ. എ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്.

ആയുഷ്മാന്‍ ഖുറാനയെപ്പോലുള്ള മികവുറ്റ അഭിനേതാക്കളെ സിനിമകളിലേക്ക് കൊണ്ടുവന്ന ജെ. എ എന്റര്‍ടൈന്‍മെന്റ്, രഞ്ജിത്ത് സജീവ് എന്ന മറ്റൊരു പുതുമുഖ നടനെയും മൈക്കിലൂടെ പരിചയപ്പെടുത്തുന്നു.

- Advertisement -
Ad image

ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലെ പക്വതയാര്‍ന്ന പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അനശ്വര രാജനാണ് മൈക്കിലെ നായിക. ബിവെയര്‍ ഓഫ് ഡോഗ്‌സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബര്‍ അലിയാണ്.

ഹൃദയം സിനിമയിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ഹിഷാം അബ്ദുല്‍ വഹാബ് അടുത്തതായി ചെയ്യുന്ന മലയാള ചിത്രമാണ് മൈക്ക്. അനവധി ഗാനങ്ങള്‍ അടങ്ങുന്ന മൈക്ക് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഹിഷാം മൈക്കിനായി സംഗീതം നിര്‍വഹിക്കുന്നു എന്നത് ചിത്രത്തിനായി കാത്തിരിക്കാനുള്ള മറ്റൊരു കാരണമാകുന്നു. ശക്തമായ ഒരു സാങ്കേതിക ടീമും മൈക്ക് സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കള, ഓപ്പറേഷന്‍ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഫീനിക്‌സ് പ്രഭു, ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ രണദിവെ എന്നിവര്‍ മൈക്കിന്റെ ഭാഗമാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായിയാണ് ചിത്രീകരിച്ചത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ആഗസ്റ്റ് 19ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വാര്‍ത്താ പ്രചരണം: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!