
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവന പിന്‍വലിച്ച് പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മാപ്പു പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. മാപ്പു പറയാത്ത പക്ഷം പ്രസ്താവനയെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബിഷപ്പിന്റെ ആരോപണങ്ങളെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദ്ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്റെയും പകയുടെയും വിത്തുവിതക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍ നിന്നും ആദ്യമുണ്ടാകുന്നത് ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞ് ഭൂമി കുംഭകോണ കേസ് പ്രതി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നായിരുന്നു. അതിന്റെ വാലുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ന് കുഴപ്പമുണ്ടാക്കിയ ഇതേ ബിഷപ്പ്, വര്‍ധിക്കുന്ന മുസ്ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തു വന്നത്. അക്കാര്യം ജനം പുച്ഛിച്ചു തള്ളിയപ്പോഴാണ് പുതിയൊരു വിഷയസൃഷ്ടിയുമായി ഇയാള്‍ വീണ്ടും രംഗത്തു വരുന്നത്,’ എന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റായ ഫെലിക്സ് ജെ പുല്ലൂടന്‍ പ്രസ്താവനയില്‍ പറയുന്നത്.

വിശ്വാസികളുടെ ഇടയില്‍ ഉണ്ടാകുന്ന തെറ്റുകളെ ചൂണ്ടിക്കാണിച്ച് തിരുത്താന്‍ ഉത്തരവാദിത്തമുള്ള മതമേലധ്യക്ഷനില്‍ നിന്നുതന്നെ ഇതുപോലുള്ള പ്രസ്താവനകള്‍ വന്നത് ഞെട്ടിക്കുന്നതാണ്. ഇത്തരം വര്‍ഗ്ഗീയ ചേരിതിരിവിന്റെ പ്രചാരകരെ നിയന്ത്രിക്കുവാനുള്ള നിര്‍ബന്ധിതശ്രമം കേരള മെത്രാന്‍ സമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കുമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ ചൂണ്ടിക്കാട്ടി.

വര്‍ഗ്ഗീയ ചേരിതിരുവുണ്ടാക്കുന്ന വിവാദ പ്രസംഗങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പ്രസ്താവന തിരുത്താന്‍ ബിഷപ്പ് തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പുല്ലൂടന്‍ ആവശ്യപ്പെട്ടു.


