

കോഴിക്കോട്: തൃശൂര്‍ പൂരം കലക്കാന്‍ എ ഡി ജി പിയുടെ നേതൃത്വത്തില്‍ ശ്രമം നടന്ന സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കാഫിര്‍ വിവാദം പോലെ ഗൗരവകരമാണ് പൂരം കലക്കല്‍ സംഭവമെന്നും അദ്ദേഹം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലെ ഹൈന്ദവ വികാരം ഇളക്കിവിട്ട് തൃശൂരില്‍ ബി ജെ പിയെ വിജയിപ്പിക്കാന്‍ ആണ് ശ്രമം നടന്നത്. രാഷ്ട്രീയത്തേക്കാള്‍ തൃശൂര്‍കാര്‍ക്ക് വികാരം പൂരത്തോടാണ്. ഇത് മനസ്സിലാക്കിയാണ് പൂരം കലക്കലിന് നീക്കം നടത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു. ഉത്സവം കലക്കി വിജയിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ഹിന്ദുക്കളെ കുറിച്ച് പറയുന്നതെന്ന് ബി ജെ പിയെ ലക്ഷമിട്ട് വിഡി സതീശന്‍ പറഞ്ഞു.

പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഭരണകക്ഷി എം എല്‍ എ ആയ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ പത്ത് ദിവസമായിട്ടും അദ്ദേഹത്തിന് എതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വി ഡി ചോദിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭരിക്കാന്‍ മറന്നുപോയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കോക്കസാണ് കാര്യങ്ങള്‍ നടത്തുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മന്ത്രിസഭയിലെ ഒരു ഉന്നതന്‍ തന്നെ ഈ കോക്കസിന്റെ ഭാഗമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
പി വി അന്‍വര്‍ ഉള്‍പ്പെടെ ഭരണകക്ഷി എം എല്‍ എമാര്‍ യു ഡി എഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് തനിക്ക് അതുസംബന്ധിച്ച് വിവരമില്ലെന്നായിരുന്നു വി ഡിയുടെ മറുപടി. ഒരു കോണ്‍ഗ്രസ് എം പി ബി ജെ പിയിലേക്ക് പോകുമെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കാത്തതിന് കാരണം മന്ത്രിമാര്‍ തമ്മിലുള്ള അടിയാണെന്നും വി ഡി സതീശന്‍ ചോദ്യത്തിന് മറുപടി നല്‍കി.
പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് രേഷ്മ കെ എസ് നന്ദിയും പറഞ്ഞു.

