

ന്യൂഡല്‍ഹി: അങ്കമാലി അയ്യമ്പുഴയില്‍ 400 ഏക്കറില്‍ നടപ്പിലാക്കാന്‍ പദ്ധതിയിട്ട ഗ്ലോബല്‍ സിറ്റി പ്രോജക്ടിന് പുനര്‍അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പിയും റോജി എം ജോണ്‍ എം എല്‍ എയും ചേര്‍ന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ഗോയലിനെ നേരില്‍ കണ്ട് കത്ത് നല്‍കി. ചാലക്കുടി മണ്ഡലത്തിനും കേരള സംസ്ഥാനത്തിനും ഒന്നടങ്കം വാണിജ്യ മേഖലയില്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന ഗ്ലോബല്‍ സിറ്റി പ്രോജക്ട് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്ന താമസ, വാണിജ്യ, വ്യവസായ മേഖലകള്‍ അടങ്ങിയ ടൗണ്‍ഷിപ്പ് രൂപകല്‍പ്പന ചെയ്യുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ ഇവിടെ ഒരുങ്ങും.

2020 ആഗസ്റ്റ് 19ന് ഈ പ്രോജക്റ്റിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ വൈകിയതോടുകൂടി അംഗീകാരം നഷ്ടമായി. എന്നാല്‍ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഈ പ്രോജക്ടിന് വലിയ സാധ്യതകളുണ്ടെന്നും ഗ്ലോബല്‍ സിറ്റി പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വേഗത്തില്‍ ലഭ്യമാക്കണമെന്നും എം പിയും എം എല്‍ എയും സംയുക്തമായി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
