

കോഴിക്കോട്: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ കണ്ണൂരിന് പിന്നാലെ കുന്ദമംഗലത്തും യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ ഹെല്‍മറ്റും മറ്റ് മാരകായുധങ്ങള്‍ കൊണ്ടും അക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ഉണ്ടായ ഡി വൈ എഫ് ഐ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ഇത്തരം ശ്രമങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്ത മുഖ്യമന്ത്രിയാണ് സംഭവത്തില്‍ ഒന്നാം പ്രതി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനമാണ് യൂത്ത് കോണ്‍ഗ്രസ്, കെ എസ്യു നേതാക്കള്‍ നേരിട്ടത്. പ്രവര്‍ത്തകരെ ഹെല്‍മറ്റ് വച്ച് തലയ്ക്ക് അടിക്കുന്ന ദയനീയ ചിത്രം ജനാധിപത്യ കേരളത്തിന് കളങ്കമാണ്.

സര്‍ക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും എന്നത് ജനാധിപത്യ അവകാശമാണ്. എന്നാല്‍ ആ അവകാശത്തിന് പോലും അനുവദിക്കാതെ പ്രവര്‍ത്തകരെ കരുതലിലാക്കുന്ന പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും പേടിത്തൊണ്ടനായ ഭരണാധികാരിയാണ്. പി ആര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരം കോടികള്‍ ഖജനാവില്‍ നിന്ന് ധൂര്‍ത്തടിച്ച് നടക്കുന്ന ആഡംബര യാത്രയെ പ്രതിരോധിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. എല്‍ഡിഎഫ് നയിക്കുന്ന രാഷ്ട്രീയ യാത്രയായിരുന്നെങ്കില്‍ പ്രതിപക്ഷം പ്രതിഷേധിക്കാന്‍ വരില്ലായിരുന്നു. എല്‍ഡിഎഫ് നയിക്കുന്ന യാത്രയ്ക്ക് ആളെ കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെയും കുടുംബശ്രീക്കാരെയും ഭീഷണിപ്പെടുത്തി എത്തിച്ച് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുമ്പോള്‍ കായികമായി നേരിടാനാണ് ശ്രമമെങ്കില്‍ പ്രതിപക്ഷ സമരത്തിന്റെ സ്വഭാവം തന്നെ മാറ്റേണ്ടിവരും.
പ്രതിഷേധിക്കുന്നവരെ ഡി വൈ എഫ് ഐക്കാരെ വെച്ച് ആക്രമിക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം സമരം കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്നും കെ ജയന്ത് വ്യക്തമാക്കി.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് പി ടി അസീസ് മാവൂര്‍, ഗുരുവായൂരപ്പന്‍ കോളേജ് കെ എസ് യു ഭാരവാഹി മുഹമ്മദ് യാസീന്‍ എന്നിവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

