
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2026ന്റെ ഭാഗമായി സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച നടക്കുന്ന ‘ചിത്രാഞ്ജലി’ സംഗീതസന്ധ്യയില്‍ പങ്കെടുക്കുന്നതിന് ബഹ്റൈനിലെത്തിയ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ട്രഷറര്‍ വര്‍ഗീസ് ജോര്‍ജ്, സമാജം ഭാരവാഹികള്‍, മറ്റ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രിയഗായികയെ സ്വീകരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 6.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് കെ എസ് ചിത്ര നയിക്കുന്ന സംഗീതവിരുന്ന് ‘ചിത്രാഞ്ജലി’ അരങ്ങേറുക.

കെ എസ് ചിത്രയ്‌ക്കൊപ്പം പ്രമുഖ ഗായകരായ നിഷാദ്, അനാമിക, അര്‍ജുന്‍ എന്നിവരും സംഗീതവിരുന്നില്‍ അണിനിരക്കും. മലയാള ചലച്ചിത്രഗാനങ്ങളുടെയും എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെയും മനോഹരമായ ആവിഷ്‌കാരങ്ങളിലൂടെ ബഹ്റൈനിലെ സംഗീതപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ടൊരു സായാഹ്നം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സെപ്റ്റംബര്‍ 25ന് നടക്കുന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളായി ഇന്ത്യന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്സ് രാജീവ് കുമാര്‍ മിശ്ര, കോവളം എം എല്‍ എ എം വിന്‍സെന്റ് എന്നിവര്‍ പങ്കെടുക്കും.

