
ആലുവ: ദശലക്ഷക്കണക്കിന് മലയാളി വീട്ടമ്മമാര്‍ വീടിന്റെ അകത്തളത്തും പുറത്തും ഏറ്റവും കൂടുതല്‍ വിഷമങ്ങള്‍ നേരിട്ട കാലഘട്ടമായിരുന്നു ഇടതുപക്ഷ ഭരണമെന്ന് സംസ്ഥാന വനിതാ കെ എസ് എസ് പി എ പ്രസിഡന്റ് കെ സരോജിനി പറഞ്ഞു. ഓരോ പ്രാവശ്യവും പാചകവാതകത്തിന്റെ വില കേന്ദ്രം വര്‍ധിപ്പിക്കുമ്പോഴും അതിന്റെ ലാഭത്തിന്റെ അംശം വേണ്ട എന്ന് വയ്ക്കാതെ വീട്ടമ്മമാരുടെ തലയില്‍ അധിക നികുതിഭാരം കെട്ടിവെച്ച ഭരണാധികാരിയാണ് കേരള മുഖ്യമന്ത്രിയെന്നും അവര്‍ ആരോപിച്ചു.

ഗുണം ചെയ്യാന്‍ ത്യാഗം സഹിച്ച ഉമ്മന്‍ചാണ്ടിയെ പോലുള്ള മുഖ്യമന്ത്രിയാകാന്‍ പിണറായിക്ക് കഴിയാത്തതില്‍ കേരളം കൊടുത്ത വില കനത്തതും അതിരുകള്‍ ഇല്ലാത്തതുമാണെന്നും അവര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കേരളത്തില്‍ സമ്മാനിച്ച നന്മകളുടെ തിരിച്ചുവരവാണ് കേരളത്തിലെ വനിതകളും വീട്ടമ്മമാരും ആഗ്രഹിക്കുന്നതെന്നും അഞ്ചിന ഇന്ദിരാഗാരണ്ടികളിലൂടെ കേരളത്തില്‍ അതിന്റെ അരങ്ങൊരുക്കമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അവര്‍ വിശദമാക്കി.

സംസ്ഥാന സെക്രട്ടറി എം വാസന്തി, കെ എസ് എസ് പി എ സംസ്ഥാന പ്രസിഡന്റ് എം പി വേലായുധന്‍, ടി വനജ ടീച്ചര്‍, ടി എസ് രാധാമണി, എ നസീം ബീവി, ആലീസ് സ്‌കറിയ, കെ എം രജിന, ഗീത കൊമ്മേരി, ടി എസ് സലിം, കെ വി മുരളി, ടി വിനയദാസ്, ജോര്‍ജ് പി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. എറണാകുളം കെ എസ് എസ് പി എ ജില്ലാ പ്രസിഡന്റ് ജീവല്‍ശ്രീ പിള്ള സ്വാഗതവും ജില്ലാ സെക്രട്ടറി ശ്രീമതി വത്സ നന്ദിയും പറഞ്ഞു.
