
തെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖംനേയിയുടെ ഔദ്യോഗിക ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഔദ്യോഗിക ക്ഷണം അയച്ചു.

ഫെബ്രുവരി 28-നാണ് ഖംനേയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യാ സര്‍ക്കാരിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ന്യൂഡല്‍ഹിയിലെ ഇറാന് എംബസിയിലെത്തി അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചിരുന്നു.

സംസ്കാരച്ചടങ്ങുകളില്‍ ഇന്ത്യയെ ആരാണ് പ്രതിനിധീകരിക്കുകയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. 2024 മെയ് മാസത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്നത്തെ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി മരിച്ചപ്പോള്‍ ഇന്ത്യ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തിരുന്നു. അന്ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖറിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ പ്രതിനിധിസംഘം ടെഹ്റാനിലെ ചടങ്ങുകളില്‍ പങ്കെടുത്തത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഔദ്യോഗിക ചടങ്ങുകള്‍ ജൂലൈ 4ലേക്ക് മാറ്റിയത്. തെഹ്റാനിലെ ഗ്രാന്‍ഡ് മൊസല്ല സമുച്ചയത്തില്‍ പൊതുദര്‍ശനത്തിന് ഖംനേയിയുടെ ഭൗതികദേഹം വയ്ക്കും. തുടര്‍ന്ന് തെഹ്റാന്, ഖോം നഗരങ്ങളില്‍ പൊതുശോഭായാത്രകള് നടക്കും. പിന്നീട് ഇറാഖിലെ നജഫിലും കര്‍ബലയിലും പ്രാര്‍ഥനകള്‍ നടക്കും. ജൂലൈ 9ന് ഖംനേയിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റസാ പള്ളിയില്‍ സംസ്കാരം നടക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് ഇറാന് അധികൃതരുടെ പ്രതീക്ഷ.
സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളുള്ള വിപുലമായ അയല്പക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ ഇറാനെ കാണുന്നത്. പശ്ചിമേഷ്യയിലെ 40 ദിവസത്തെ സംഘര്‍ഷകാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാനിയന്‍ നേതാക്കളുമായി നിരവധി ഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹി സന്ദര്‍ശിക്കുകയും എസ് ജയശങ്കറുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രധാനമന്ത്രി മോഡിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിലായി ബ്രിക്സ് യോഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉന്നത ഇറാനിയന്‍ പ്രതിനിധിസംഘങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പ്രകാരം, അയല്‍രാജ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കി നിരവധി രാജ്യങ്ങള്‍ക്കാണ് ചടങ്ങുകളിലേക്കുള്ള ക്ഷണം നല്‍കിയത്. ഇറാഖ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, സിറിയ, ലെബനന്, റഷ്യ, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധിസംഘങ്ങള്‍ പങ്കെടുക്കുമെന്നോ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ടെന്നോ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

