
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7 നു കരിപ്പൂരില്‍ നടന്ന വിമാനാപകടത്തില്‍ നട്ടെല്ലിനടക്കം മാരകമായി പരിക്കുപറ്റിയ നൂറ്റി അറുപത്തഞ്ചോളം വരുന്ന യാത്രക്കാരുടെ ചികിത്സാ ചിലവ്
നിഷേധിച്ച എയര്‍ ഇന്ത്യയുടെ നടപടി കനത്ത അനീതിയാണെന്നും ചികിത്സാ ചെലവ് പുനഃസ്ഥാപിക്കുന്നതുവരെ യാത്രക്കാരോടോപ്പം ചേര്‍ന്ന് ശക്തമായ സമരം നടത്തുമെന്നും കെ മുരളീധരന്‍ എംപി പ്രഖ്യാപിച്ചു. മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മാരകമായി പരിക്കുപറ്റിയ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഉപരോധസമരത്തില്‍ പങ്കെടുത്തത്.

ഈ ആവശ്യമുന്നയിച്ചുകൊണ്ട് മറ്റു എംപിമാരെയും സംഘടിപ്പിച്ചുകൊണ്ട് ഉടന്‍ തന്നെ വ്യോമയാന വകുപ്പ് മന്ത്രിയെ കണ്ടു ചര്‍ച്ച നടത്തും.ഉദ്യോഗസ്ഥ തലത്തില്‍ നിന്നും നിഷേധത്മാകമായ നിലപാടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തുച്ചമായ നഷ്ടപരിഹാരങ്ങള്‍ നല്‍കി യാത്രക്കാരെക്കൊണ്ട് ഓഫര്‍ ലെറ്റെറില്‍ ഒപ്പുവയ്പ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ചികിത്സാ നിഷേധം എന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എംഡിഎഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ എടക്കുനി പറഞ്ഞു.

മലബാര്‍ ഡവലപ്‌മെന്റ് ഫോറം വൈസ് പ്രസിഡണ്ട് കബീര്‍ സലാല അധ്യക്ഷം വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ പ്രിത്യൂരാജ് നാറാത്ത്, പി എ ആസാദ്, അഷ്റഫ് കളത്തിങ്കല്‍പ്പാറ, ഫ്രീഡ പോള്‍ , സലിം പാറക്കല്‍, നിസ്തര്‍ ചെറുവണ്ണൂര്‍, എംഡിഎഫ് ചാപ്റ്റര്‍ പ്രസിഡന്റുമാരായ ബിജി സെബാസ്റ്റ്യന്‍, സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. യാത്രക്കാരുടെ പ്രതിനിധികളായ സമീര്‍ വടക്കന്‍, അഷ്റഫ് ഇയ്യങ്കോട്, മുഫീദ പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.
