

കൊച്ചി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ താൽക്കാലിക അധ്യാപക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ വിദ്യാലയങ്ങളിൽ അധ്യാപകരില്ലാത്ത സ്ഥിതി സൃഷ്ടിക്കുമെന്നും ആയതിനാൽ അടിയന്തിരമായി ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികളിൽ ഏതു വിധേനയും നിയമനം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.

എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴിയുള്ള താൽക്കാലിക നിയമനം സ്വാഗതാർഹമാണന്നും എന്നാൽ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമനം നടത്തുമ്പോൾ അധ്യാപക നിയമനം അനിശ്ചിതമായി നീണ്ടു പോകുമെന്നും യോഗം വിലയിരുത്തി.

കോവിഡ് കവർന്നെടുത്ത രണ്ടു വർഷത്തെ പഠനം ഇനിയെങ്കിലും വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടാതിരിക്കാൻ വിദ്യാസ വകുപ്പ് ശ്രദ്ധിക്കണം. അതിനായി സ്കൂൾ തുറക്കുമ്പോൾ തന്നെ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള അനുമതി പ്രധാനധ്യാപകർക്ക് നൽകണമെന്നും സ്കൂൾ തുറക്കുന്ന അന്ന് തന്നെ ഒഴിഞ്ഞ് കിടക്കുന്ന മുഴുവൻ തസ്തികകളിലും താല്ക്കാലിക നിയമനമെങ്കിലും പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ച ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപടിക്രമങ്ങൾ പൂർത്തിയാക്കി അധ്യാപകരെ നിയമിക്കാവുന്നതാണെന്നും അങ്ങനെയെങ്കിൽ വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങൾ നഷ്ടപ്പെടുകയില്ലെന്നും യോഗം വിലയിരുത്തി.
കെ.എ.ടി.എഫ് ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി
എംപ്ലോയ്മെന്റ് വഴി നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിനും മറ്റും ഏറെ കാലതാമസം സൃഷ്ടിക്കുമെന്നും ഇത് പൊതു വിദ്യാഭ്യാസ മേഖലയുടെ ശോഭ കെടുത്തുമെന്നും അധ്യാപകരില്ലാതെ വിദ്യാലയങ്ങളെ അനാഥമാക്കരുതെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി പ്രമേയം അവതരിപ്പിച്ചു. എ.പി. അയ്യൂബ്, എം.ടി. സൈനുൽ ആബിദീൻ, എം.എ റഷീദ് മദനി, എസ്.എ. റസാഖ്, സി.എച്ച്. ഫാറൂഖ്, എം.പി. അബ്ദുസലാം, എം.എ. സാദിഖ്, മുഹമ്മദലി മിഷ് കാത്തി, മൻസൂർ മാടമ്പാട്ട്, പി.കെ. ഷാക്കിർ, എ.പി. ബഷീർ, നൂറുൽ അമീൻ, നൗഷാദ് കോപ്പിലാൻ, പി.പി. നസീമ എന്നിവർ സംസാരിച്ചു.

