
ഇടപ്പള്ളി: കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് അധ്യാപകര്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) എറണാകുളം ജില്ല ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഐ ടി ശില്പശാല ശ്രദ്ധേയമായി. ‘നവലോകം നവയുഗ അധ്യാപകര്‍’ എന്ന പ്രമേയത്തില്‍ നടന്ന ശില്പശാലയില്‍ അധ്യാപനരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പ്രായോഗിക ഉപയോഗങ്ങളെക്കുറിച്ച് വിശദമായ പരിശീലനം നല്‍കി.

ക്ലാസ് മുറിയിലെ പഠന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ലളിതവും ആകര്‍ഷകവും ഫലപ്രദവുമാക്കാന്‍ എ ഐയുടെ സഹായത്തോടെ എങ്ങനെ പഠനസാമഗ്രികള്‍ തയ്യാറാക്കാമെന്നും വിദ്യാര്‍ഥികളുടെ പഠനശേഷിയും സൃഷ്ടിപരമായ കഴിവുകളും എങ്ങനെ വര്‍ധിപ്പിക്കാമെന്നും പരിശീലനത്തില്‍ വിശദീകരിച്ചു. പാഠാസൂത്രണം, ചോദ്യനിര്‍മാണം, പഠനവിഭവങ്ങളുടെ രൂപകല്‍പന, ദൃശ്യ- ശ്രാവ്യ പഠനസാമഗ്രികളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ എ ഐയുടെ സാധ്യതകള്‍ അവതരിപ്പിച്ചു.

അധ്യാപകരെ സാങ്കേതികവിദ്യയുടെ ഉപയോക്താക്കളാക്കി മാത്രമല്ല, നവീന പഠനരീതികളുടെ സ്രഷ്ടാക്കളാക്കി മാറ്റുന്നതിന് സഹായകമായ പരിശീലനമാണ് ഐ ടി വിങ്ങ് സംഘടിപ്പിക്കുന്നതെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് മാഹിന്‍ ബാഖവി പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അധ്യാപകരുടെ പ്രൊഫഷണല്‍ മികവ് വര്‍ധിപ്പിക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും കെ എ ടി എഫ് നടത്തുന്ന ഇത്തരം പരിശീലന പരിപാടികള്‍ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ട്രഷറര്‍ ഷമീര്‍ പുതുപ്പാടി അധ്യക്ഷത വഹിച്ചു. മാറുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളില്‍ വിദ്യാര്‍ഥി കേന്ദ്രീകൃതവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ പഠനരീതികള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടും മാര്‍ഗനിര്‍ദേശങ്ങളും ശില്പശാല പങ്കുവെച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ്, മുര്‍ഷിദ് എളയൂര്‍, സഹല്‍ ബിന്‍ അലി, ത്വാഹ എ എം, ഷഹീം മുഹമ്മദലി, ഷമീര്‍ കരിപ്പാടം, അബ്ദുല്‍ റസാഖ് വാഫി, അനസ് കോതമംഗലം എന്നിവര്‍ പ്രസംഗിച്ചു.

