

ഫത്തോര്‍ദ (ഗോവ): ചാമ്പ്യന്‍മാരായ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ആഘോഷം. ഐ എസ് എലിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ മൂന്ന് ഗോളിന് തുരത്തി ബ്ലാസ്റ്റേഴ്‌സ് കുതിച്ചു. സഹല്‍ അബ്ദുല്‍ സമദ്, അല്‍വാരോ വാസ്‌കസ്, ജോര്‍ജ് ഡയസ് എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോളടിച്ചു. മുംബൈ പ്രതിരോധ താരം മൗര്‍ടാഡ ഫാള്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വഴങ്ങി രണ്ടാംപകുതിയുടെ തുടക്കത്തില്‍ പുറത്തായി. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് മുംബൈ സിറ്റി.

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്. കരുത്തരായ ഒഡിഷ എഫ് സിയെയും ഇവാന്‍ വുകോമിനോവിച്ചിന്റെ സംഘം തോല്‍പ്പിച്ചിരുന്നു.
ആറ് കളിയില്‍ രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ അഞ്ചാമതെത്തി.

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയത്. പരിക്കേറ്റ എനെസ് സിപോവിച്ചിന് പകരം ഹോര്‍മിപാം പ്രതിരോധത്തിലെത്തി. കെ പ്രശാന്തിന് പകരം ജോര്‍ഡ് ഡയസും ഇറങ്ങി. സന്ദീപ് സിങ്ങിന് പകരം ഹര്‍മന്‍ജോത് കബ്ര തിരിച്ചെത്തി. അല്‍വാരോ വാസ്‌കസ്‌ജോര്‍ജ് ഡയസ് സഖ്യം മുന്നേറ്റത്തില്‍. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുല്‍ സമദ്, പുയ്ട്ടിയ, ജീക്‌സണ്‍ സിങ് എന്നിവര്‍. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്‌റോ, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം, കബ്ര എന്നിവരായിരുന്നു. പ്രഭ്‌സുഖന്‍ സിങ് വലയ്ക്ക് മുന്നില്‍ തുടര്‍ന്നു.
മുംബൈ സിറ്റിയുടെ മുന്നേറ്റത്തില്‍ ഇഗുര്‍ അംഗുലോ, ബിപിന്‍ സിങ്, വിക്രം സിങ് എന്നിവര്‍. കാസിയോ ഗബ്രിയേല്‍, അഹമ്മദ് ജഹു, ലാലെങ് മാവിയ എന്നിവര്‍ മധ്യനിരയില്‍. മന്ദാര്‍ ദേശായിരാഹുല്‍ ബെക്കെമൗര്‍ടാഡ ഫാള്‍എമെ റണവാഡെ സഖ്യം പ്രതിരോധത്തില്‍. ഗോള്‍ വലയ്ക്ക് മുന്നില്‍ മുഹമ്മദ് നവാസ്.
കളിയുടെ തുടക്കത്തില്‍തന്നെ മുംബൈയുടെ നീക്കങ്ങളായിരുന്നു. ബിപിന്‍ സിങ്ങിന്റെ മുന്നേറ്റത്തെ കബ്ര തടഞ്ഞു. രണ്ടാം മിനിറ്റില്‍ ജഹുവിന്റെ ഫ്രീകിക്ക് അപകടമുയര്‍ത്തിയെങ്കിലും പ്രഭ്‌സുഖന്‍ സിങ് രക്ഷയ്‌ക്കെത്തി. അഞ്ചാം മിനിറ്റില്‍ ജഹുവിനെ വീഴ്ത്തിയതിന് വാസ്‌കസിന് മഞ്ഞക്കാര്‍ഡ് കിട്ടി. പതിനൊന്നാം മിനിറ്റില്‍ വാസ്‌കസിന്റെ തകര്‍പ്പന്‍ ഗോള്‍ശ്രമം കണ്ടു. ബോക്‌സിന് പുറത്തുവച്ച് തൊടുത്ത കരുത്തുറ്റ ഷോട്ട് മുംബൈ സിറ്റി ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് തട്ടിയകറ്റുകയായിരുന്നു. പിന്നാലെ മുംബൈയുടെ നീക്കം. ഇക്കുറി അംഗുലോയുടെ ബോക്‌സില്‍വച്ചുള്ള ക്രോസ് ഹോര്‍മിപാം തടഞ്ഞു. ബിപിന്‍ സിങ്ങിന്റെ ക്രോസ് ലെസ്‌കോവിച്ചും നിര്‍വീര്യമാക്കി. ജഹുവിന്റെ ഫ്രീകിക്ക് പ്രഭ്‌സുഖന്‍ പിടിയിലൊതുക്കി. പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി. പ്രത്യാക്രമണത്തിലും ബ്ലാസ്റ്റേഴ്‌സ് മികച്ചുനിന്നു.
24-ാം മിനിറ്റില്‍ ഡയസിന്റെ ഇടതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റം ഗോളിലേക്ക് അവസരമൊരുക്കിയതാണ്. ബോക്‌സില്‍ കടന്ന ഡയസ് കുതിച്ചെത്തിയ സഹലിന് പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം കോര്‍ണര്‍ വഴങ്ങി രക്ഷപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍പ്പന്‍ നീക്കം പിന്നാലെ കണ്ടു. ഗോളും പിറന്നു. സഹലിന്റെ മിന്നുംഗോള്‍. 27-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന നിമിഷമെത്തിയത്. ഇടതുവശത്ത് ജോര്‍ജ് ഡയസിന്റെ ഒന്നാന്തരം നീക്കം. ഡയസ് ബോക്‌സിലേക്ക് കോരിയിട്ടു. ബോക്‌സിനരികെ ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന സഹലിലേക്ക്. മനോഹരമായ ഷോട്ടിലൂടെ സഹല്‍ മുംബൈ സിറ്റി ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസിനെ കാഴ്ചക്കാരനാക്കി. ആദ്യപകുതിക്ക് തൊട്ടുമുമ്പുള്ള സഹലിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ മുംബൈയുടെ ശക്തമായ ആക്രമണം കണ്ടു. ജഹുവിന്റെ ക്രോസ് സ്വീകരിച്ച വിക്രം സിങ് ബോക്‌സിലേക്ക് അടിപായിച്ചു. അംഗുലോ ഗോള്‍മുഖത്തുണ്ടായിരുന്നെങ്കിലും പ്രഭ്‌സുഖന്റെ കൃത്യമായ ചാട്ടം ബ്ലാസ്റ്റേഴ്‌സിനെ കാത്തു.
ആദ്യപകുതിയില്‍ മുംബൈ സിറ്റിക്ക് കൃത്യമായ ഒരു അവസരവും ബ്ലാസ്റ്റേഴ്‌സ് നല്‍കിയില്ല. ലെസ്-കോവിച്ചിന് കീഴില്‍ പ്രതിരോധം നിറഞ്ഞുകളിച്ചു. മുംബൈ സീസണില്‍ ആദ്യമായാണ് ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയത്. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പായിക്കാന്‍ പോലും മുംബൈക്ക് കഴിഞ്ഞില്ല.
രണ്ടാംപകുതിയില്‍ ആരാധകരെ ത്രസിപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. രണ്ടാംപകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍. ചാമ്പ്യന്‍മാര്‍ക്കെതിരെ മൂന്ന് ഗോളിന് മുന്നില്‍. വാസ്‌കസിന്റെ അതിസുന്ദര ഗോളിലായിരുന്നു തുടക്കം. 47-ാം മിനിറ്റിലായിരുന്നു വാസ്‌കസിന്റെ ഗോള്‍. വലതുപാര്‍ശ്വത്തില്‍ ജീക്‌സണ്‍ സിങ്ങിന്റെ കൃത്യതയുള്ള ക്രോസ് ബോക്‌സില്‍ വാസ്-കസിലേക്ക്. പന്ത് കാലില്‍ കൊരുത്ത ഈ സ്പാനിഷുകാരന്‍ വലംകാല്‍ കൊണ്ട് ഒറ്റയടി. പന്ത് വലയിലേക്ക് വളഞ്ഞിറങ്ങി. മൂന്ന് മിനിറ്റിനുള്ളില്‍ അടുത്ത ഗോള്‍. പന്തുമായി കുതിച്ച ജോര്‍ജ് ഡയസിനെ ഫാള്‍ ബോക്‌സില്‍ വീഴ്ത്തി. അസിസ്റ്റന്റ് റഫറിയുമായി ചര്‍ച്ച ചെയ്ത ശേഷം റഫറി പെനല്‍റ്റിക്ക് വിസിലൂതി. ഫാളിന് രണ്ടാം മഞ്ഞക്കാര്‍ഡും വീശി. മുംബൈ പ്രതിരോധക്കാരന്‍ പുറത്തേക്ക്. ഡയസിന്റെ കിക്ക് നവാസിനെ മറികടന്ന് വലയിലേക്കും. മുംബൈ തളര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് കുതിച്ചു. പുയ്ട്ടിയയുടെ ഇടംകാല്‍ഷോട്ട് നവാസ് കുത്തിയകറ്റി. അഞ്ച് ഷോട്ടുകളാണ് ആ ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിലേക്ക് തൊടുത്തത്. മുംബൈ സിറ്റി ഒന്നും. 62-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കളിയിലെ ആദ്യ മാറ്റംവരുത്തി. ഗോള്‍ നേടിയ ജോര്‍ജ് ഡയസിന് പകരം ചെഞ്ചോ ഗ്യെല്‍ഷനെ ഇറക്കി.
മൂന്ന് ഗോള്‍ ലീഡ് നേടിയശേഷം ബ്ലാസ്റ്റേഴ്‌സ് അല്‍പ്പം പിന്‍വലിഞ്ഞു. ഇതിനിടെ ഇഗര്‍ കട്ടാട്ടുവിന്റെ ഗോള്‍ശ്രമം പ്രഭ്‌സുഖന്‍ തടഞ്ഞു. 80-ാം മിനിറ്റില്‍ വാസ്‌കസിന്റെ മറ്റൊരു മികച്ച ഷോട്ട് ഗോളിന് അരികെയെത്തി. അവസാന ഘട്ടത്തില്‍ വാസ്-കസിന് പകരം സെയ്ത്യാസെന്‍ സിങ്ങും സഹലിന് പകരം കെ പ്രശാന്തും കളത്തിലെത്തി. 90-ാം മിനിറ്റില്‍ വിജയമുറപ്പാക്കിയശേഷം ബ്ലാസ്റ്റേഴ്‌സ് അവസാന മാറ്റംവരുത്തി. കബ്രയ്ക്ക് പകരം നിഷു കുമാര്‍ ഇറങ്ങി. പുയ്ട്ടിയക്ക് പകരം ആയുഷ് അധികാരിയുമെത്തി.
22ന് ചെന്നൈയിന്‍ എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

