
കൊച്ചി: ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി എന്ന ചിത്രം ജൂലായ് മൂന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന് കെ എം ഹരിനാരായണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നന്തുണി, നീലാംബരി, നോട്ടി പ്രൊഫസര്‍, നെരിപ്പോട്, ഒരുമ്പെട്ടവന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കെ എം ഹരിനാരായണന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും നര്‍മ്മത്തില്‍ പൊതിഞ്ഞ സമ്മാനമാണ് സിനിമയെന്ന് സംവിധായകന് പറഞ്ഞു.

ഒരുമ്പെട്ടവന്‍ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഗൗതം ഹരിനാരായണനാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. മറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.

തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മലയാളി ദിവ്യ തോമസാണ് നായിക. നിസാര്‍ മാമുക്കോയ മുഴുനീള ഹാസ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ചിത്രമാണ് ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി.
കലോത്സവ വേദികളില്‍ കലാതിലകപട്ടം കരസ്ഥമാക്കിയ വൈഗ കെ സജീവ്, സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ ഗോപു ആര് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശങ്കര്‍ പണിക്കരും ചിത്രത്തിലുണ്ട്.
വിനീത് ശ്രീനിവാസന്, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, നകുല്‍ നാരായണന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സംവിധായകന് കെ എം ഹരിനാരായണന്, റിജിന്‍ ആര് ജെ, ശ്യാം മംഗലത്ത് എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് മോഹന്‍ എം പിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും ഫൈസല്‍ വി ഖാലിദാണ് നിര്‍വഹിച്ചത്. എം കെ ഷെജിനാണ് പി ആര് ഒ.
വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന് കെ എം ഹരി നാരായണനു പുറമേ നായകന് ഗൗതം ഹരിനാരായണന്, നായിക ദിവ്യ തോമസ്, നിസാര്‍ മാമുക്കോയ, വൈഗ കെ സജീവ്, ഗോപു ആര് കൃഷ്ണ എന്നിവരും പങ്കെടുത്തു.

