

കൊച്ചി: സാമ്പത്തിക ശൈത്യത്തിനപ്പുറത്ത് വസന്തകാലത്തിന്റെ പ്രതീക്ഷയിലേക്കാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ടു പോകുന്നതെന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ട്രാവേഴ്‌സിംഗ് ദി ഫണ്ടിംഗ് വിന്റര്‍ അഭിപ്രായപ്പെട്ടു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ളതാണ് ഇപ്പോഴത്തെ സമയമെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് എസ് ആര്‍ നായര്‍ മോഡറേറ്ററായിരുന്നു.

കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം വലിയ മാറ്റങ്ങളാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ദേശ്പാണ്ഡെ സ്റ്റാര്‍ട്ടപ്പ്‌സിന്റെ രാജീവ് പ്രകാശ് അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകളിലും വലിയ മാറ്റമാണ് ഇക്കാലത്തുണ്ടായതെന്ന് അദ്ദേഹം വിശദമാക്കി. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഉപഭോക്താക്കളുടെ വാങ്ങലുകള്‍ പലതും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയതും വിദേശങ്ങളില്‍ ഉള്‍പ്പെടെ വ്യാപാരം നടത്താനുള്ള സാധ്യതകള്‍ തെളിഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില സമയങ്ങളില്‍ അനുഭവപ്പെടുന്ന തണുപ്പ് മാത്രമാണ് ഇപ്പോഴത്തേതെന്നും അതിനെ ശൈത്യകാലമെന്ന് വിളിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയോ അവയില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നവരില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് മലബാര്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് സഹസ്ഥാപകന്‍ പി കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കമ്പനികളുടെ മൂല്യനിര്‍ണയത്തേയോ വിലയിരുത്തലുകളെയോ കുറിച്ച് കാര്യമായ പഠനം നടക്കേണ്ടതുണ്ടെന്നും എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പലപ്പോഴും സാമ്പത്തികം വലിയ പ്രശ്‌നമാകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡും പ്രതിസന്ധികളുമായി ബന്ധപ്പെട്ട ശൈത്യകാലത്തെ അനുഭവിച്ചു കഴിഞ്ഞെന്നും ഇനി പിന്നാലെ വരുന്ന വസന്തത്തെയാണ് കാത്തിരിക്കുന്നതെന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ റിയാസ് പി എം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് ഒറ്റ പരിഹാരം നിര്‍ദ്ദേശിക്കാനാവില്ലെങ്കിലും സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സര്‍ക്കാറിന് ധാരണയുണ്ടായിരുന്നതിനാല്‍ മുന്‍കൂട്ടി കാണുകയും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ കാത്തിരിക്കുന്നത് ഇരുണ്ട ഭാവിയല്ലെന്നും അദ്ദേഹം വിശദമാക്കി.
നിലവിലുള്ള അവസ്ഥകളെ വിലയിരുത്തി യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുകയാണ് വേണ്ടതെന്ന് ശാസ്ത്ര റോബോട്ടിക്‌സ് സഹസ്ഥാപകനും സി ഇ ഒയുമായ അരോണിന്‍ പി പറഞ്ഞു. അടുത്ത രണ്ടു മാസത്തേക്ക് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സെപ്തംബറോടെ എന്തെങ്കിലുമൊക്കെ മാറ്റം വരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ മോശമാകുമെന്ന തോന്നലുണ്ടായിരുന്നെങ്കിലും പ്രതിസന്ധികള്‍ സീസണലാണെന്ന ബോധ്യമുണ്ടായിരുന്നതായി കോര്‍ണര്‍ സഹസ്ഥാപകനും സി ഇ ഒയുമായ അരുണ്‍ അഗസ്റ്റിന്‍ പറഞ്ഞു. ആഗോളാടിസ്ഥാനത്തിലെ സാമ്പത്തിക പ്രതിസന്ധിയും കൂടുതല്‍ പണം ചെലവഴിക്കാനാവാത്ത ഉപഭോക്താക്കളുടെ അവസ്ഥയും മാറിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ പലരുടേയും കൈവശം ആവശ്യത്തിന് പണമുണ്ടെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും വരാനിരിക്കുന്ന രണ്ടു വര്‍ഷങ്ങളെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിംഗ് നിര്‍ത്തലാക്കിയാല്‍ കമ്പനിയും നിന്നുപോകുമെന്നത് തിരിച്ചറിയണമെന്നും അരുണ്‍ അഗസ്റ്റിന്‍ പറഞ്ഞു.
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ന്യൂസ് ലെറ്റര്‍ ചടങ്ങില്‍ വെര്‍ച്വലായി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ബിപു പുന്നൂരാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ദിലീപ് നാരായണന്‍ നന്ദിയും പറഞ്ഞു.

