
കോഴിക്കോട്: മതത്തെ അതിതീവ്രമായി അവതരിപ്പിക്കുന്ന എല്ലാ അതിവാദ സംഘങ്ങളെയും ബൗദ്ധികമായി പ്രതിരോധിക്കുന്നതില്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നു കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. താലിബാന്റെ നാളിതു വരെയുള്ള ചരിത്രം അത്യന്തം അപകടകരമാണ്. ആശയതലത്തില്‍ കാര്യമായ ഒരു മാറ്റവും അവര്‍ ആധികാരികമായി പ്രകടമാക്കിയിട്ടില്ല.

പല തരത്തിലുള്ള ഊഹങ്ങളും അര്‍ധ സത്യങ്ങളും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. അഫ്ഗാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. താലിബാന്‍ ഭരണത്തെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്നതിന്റെ ഒട്ടേറെ തെളിവുകള്‍ പുറത്ത് വരുകയും ചെയ്തിരിക്കുന്നു. ആയുധങ്ങള്‍ കൊണ്ടു നിരപരാധികളെ ഭയപ്പെടുത്തുന്നതും ഇസ്ലാമിനെ തെറ്റായി വ്യഖ്യാനിച്ച് അപരിഷ്‌കൃത നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ല. അല്‍ഖാഇദ, ഐ എസ് തുടങ്ങിയ ഭീകരസംഘങ്ങളുമായുള്ള താലിബാന്റെ ചങ്ങാത്തം ഭയപ്പെടുത്തുന്നതാണ്. താലിബാന്റെ നീക്കങ്ങളും

ഭീകരസംഘങ്ങളുമായുള്ള കൂട്ടുകൂടലും അവരുടെ പക്ഷത്തെ ന്യായീകരണങ്ങളെ പോലും പൂര്‍ണമായും റദ്ദ് ചെയ്യുന്നതാണ്.
മധ്യപൗരസ്ത്യ ദേശത്ത് ഭീതി വിതക്കുകയും മുസ്ലിം രാഷ്ട്രങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന മിലിറ്റന്റ് ഗ്രൂപ്പുകളോടുള്ള താലിബാന്റെ അയഞ്ഞ സമീപനവും കൂടുതല്‍ സംശയത്തിനും ദുരൂഹതക്കും കാരണമാകുന്നതാണ്. അഫ്ഗാനെ തീവ്രഗ്രൂപ്പുകളുടെ മേച്ചില്‍ സ്ഥലമാക്കി നിലനിര്‍ത്താനും
അതുവഴി ഇസ്ലാമിനെയും മുസ്ലിംകളെയും തേജോവധം ചെയ്യാനും അമേരിക്കയും സഖ്യകക്ഷികളും ഒരുക്കുന്ന നാടകമാണ് ഇപ്പോള്‍ അഫ്ഗാനില്‍ അരങ്ങേറുന്നത്.
നീണ്ട ഇരുപതു വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം വമ്പിച്ച പരാജയമായിരുന്നു എന്നു ലോകം മനസ്സിലാക്കുകയാണ്. ഭീകരസംഘങ്ങളെയും ഇസ്ലാമിനെയും കൂട്ടിക്കെട്ടി ഉപന്യസിക്കാനുള്ള ഇസ്ലാം വിരുദ്ധ ശക്തികളുടെ ദുഷ്ടലാക്കു തിരിച്ചറിയണം.
ലോകത്തെ സൂക്ഷ്മന്യൂന പക്ഷം ചെയ്യുന്ന അരുതായ്മകള്‍ക്കു മുസ്ലിംകളെ മൊത്തം അധിക്ഷേപിക്കുന്ന രീതി അംഗീകരിക്കാനാവില്ല.
അതോടൊപ്പം, അതി തീവ്ര സ്വഭാവമുള്ള മിലിറ്റന്റ് ഗ്രൂപ്പുകളുടെ കെണി തിരിച്ചറിഞ്ഞു പുതു തലമുറയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്ലിം സമുദായനേതാക്കള്‍ കൈകൊള്ളണമെന്നും ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.
തീവ്ര ഗ്രൂപ്പുകളുടെ കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

