
കൊച്ചി: കൊച്ചിയുടെ കായിക ഭൂപടത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ‘ക്വീന്‍ ഓഫ് അറേബ്യന്‍ സീ’ പിക്കിള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പിന് എളംകുളം ചിലവനൂരില്‍ തുടക്കമായി. പിക്ക്‌ലേഴ്‌സ് ഹബ്ബിന്റെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള റാലി ലാബ്സില്‍ സംഘടിപ്പിച്ച ഈ കായിക മാമാങ്കം പ്രശസ്ത മോഡലും നടിയുമായ റിതു മന്ത്ര ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആദ്യത്തെ ഏഴ് ഇന്‍ഡോര്‍ സിന്തറ്റിക് കോര്‍ട്ടുകളുള്ള വേദിയില്‍ ദേശീയ താരങ്ങളും കായിക പ്രേമികളും അണിനിരന്നപ്പോള്‍ കൊച്ചി ഇതുവരെ കാണാത്തൊരു സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിനാണ് സാക്ഷ്യം വഹിച്ചത്.


ലോകമെമ്പാടും വന്‍ തരംഗമായി മാറുന്ന പിക്കിള്‍ ബോള്‍ വെറുമൊരു കായിക വിനോദമല്ല, മറിച്ച് ഒരു ലൈഫ് സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് കൂടിയാണ്. ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയുടെ ഏറ്റവും മികച്ച ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് പിക്കിള്‍ ബോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഈ ഗെയിം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരുപോലെ നെഞ്ചിലേറ്റി കഴിഞ്ഞു.
പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കുറവായതിനാല്‍ പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹൃദയാരോഗ്യവും ശാരീരികക്ഷമതയും നിലനിര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ വിനോദമാണിത്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ കായിക വിനോദമായി പിക്കിള്‍ ബോള്‍ മാറിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഇതിനകം തന്നെ തരംഗമായ ഈ കളി കൊച്ചിയിലെ കായിക സംസ്‌കാരത്തിന് പുതിയൊരു ദിശാബോധം നല്‍കും എന്നതില്‍ സംശയമില്ല എന്നും സംഘാടകര്‍ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ദേശീയ നിലവാരമുള്ള താരങ്ങളുടെ പോരാട്ടങ്ങള്‍ കാണികള്‍ക്ക് ആവേശകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. മത്സരങ്ങള്‍ക്കപ്പുറം കുടുംബങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയ സെഷനുകള്‍ പരിപാടിയുടെ മാറ്റ് കൂട്ടി. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പുതിയ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പിക്കിള്‍ബോള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
റാലി ലാബ്സിലെ അത്യാധുനിക സിന്തറ്റിക് കോര്‍ട്ടുകളില്‍ തുടക്കക്കാര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന സെഷനുകള്‍ പുതിയ കളിക്കാരെ ഈ വിനോദത്തിലേക്ക് ആകര്‍ഷിച്ചു. പിക്കിള്‍ബോള്‍ ആരോഗ്യത്തിനും ക്ഷേമത്തിനും എന്ന ലക്ഷ്യത്തോടെ പിക്ക്‌ലേഴ്‌സ് ഹബ്ബ് ഒരുക്കിയ ഈ ടൂര്‍ണമെന്റ് കൊച്ചിയുടെ കായിക വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

