മലയാളിക്ക് മറക്കാനാവാത്ത വില്ലന്‍ കെ.പി ഉമ്മറിന്റെ സ്മരണദിനം

Web Desk
2 Min Read

കോഴിക്കോട്: കോഴിക്കോട് ഒരു കാലത്ത് മലയാള സിനിമയുടെ തട്ടകമായിരുന്നു. നഗരത്തില്‍ പ്രമുഖ നടന്‍മാരുടെയും സംവിധായകരുടെയും മാത്രമല്ല മലയാള സാഹിത്യ രംഗത്തെ കുലപതികളെക്കൊണ്ടും സമ്പന്നമായിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ മറക്കാനാവാത്ത കലാകാരന്‍ കോഴിക്കോട്ടുകാരന്‍ കെ.പി ഉമ്മറിനെ സ്മരിക്കാനുള്ള ദിവസമാണിന്ന്.
അസീം കമ്പനിയുടെ ബാനറില്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത തോപ്പില്‍ഭാസിയുടെ വിഖ്യാത നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കരണമായിരുന്നു ‘മൂലധനം ‘ എന്ന മലയാള ചലച്ചിത്രം . ഈ ചിത്രത്തിലെ പ്രശസ്തമായ ഒരു ഡയലോഗ് ഇപ്പോഴും പലരും ഓര്‍ക്കുന്നുണ്ടാവും. ‘ ശാരദേ ഞാന്‍ ഒരു വികാര ജീവിയാണ് ….’ നായികയുടെ മാംസളമായ ശരീരത്തില്‍ നിന്നും കണ്ണെടുക്കാതെ കാമാര്‍ത്തമായ നോട്ടത്തിലൂടെ തനി ആഭാസനായി നില്‍ക്കുന്ന ആ സുന്ദരനായ വില്ലനെ നമുക്ക് മറക്കാനാവില്ല. അതെ, കെ.പി. ഉമ്മര്‍ എന്ന വില്ലന്‍ നടനെ മലയാളിക്ക് മറക്കാനാവില്ല.
അറുപതുകളിലും എഴുപതുകളിലുമൊക്കെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ പേരില്‍ പ്രേക്ഷകര്‍ ഏറ്റവും വെറുത്തിരുന്ന ഒരു ശുദ്ധനായ മനുഷ്യനായിരുന്നു അദ്ദേഹം . സഹൃദയനും നല്ലൊരു സാഹിത്യാസ്വാദകനുമായ
കെ.പി. ഉമ്മറിന്റെ തട്ടകം കോഴിക്കോട് എന്ന മഹാ നഗരമായിരുന്നു. നാടകവും സിനിമയുമെല്ലാം ഹറാമായി കണ്ടിരുന്ന ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച ഉമ്മറിനെ നാടകാഭിനയത്തിന്റെ പേരില്‍ വീട്ടില്‍നിന്നും പുറത്താക്കിയിരുന്നു. നാടകാചാര്യന്‍ കെ ടി മുഹമ്മദ് സാക്ഷാത്ക്കാരം നല്‍കിയ
‘ ഇത് ഭൂമിയാണ് ‘എന്ന നാടകത്തിലെ ഹാജിയാര്‍ എന്ന കഥാപാത്രത്തിന്റെ ഖ്യാതി ഈ നടനെ പ്രശസ്തമായ കെ പി എ സി യിലെത്തിക്കുകയായിരുന്നു. കെ.പി.എ.സി.യുടെ നാടകങ്ങളിലൂടെ ശ്രദ്ധേയനായ ഉമ്മറിനെ പി ഭാസ്‌കരന്‍ മാസ്റ്ററാണ് തന്റെ ‘ രാരിച്ചന്‍ എന്ന പൗരന്‍ ‘ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അവതരിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ‘രാരിച്ചന്‍ എന്ന പൗരന്‍ ‘ വലിയ സാമ്പത്തിക വിജയം നേടിയില്ല.വീണ്ടും നാടക രംഗത്തേക്ക് മടങ്ങിയ ഉമ്മറിന് എം ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണിലെ നസീറിന്റെ സഹോദരവേഷം ഒരു വഴിത്തിരിവായി. 1966-ല്‍ പുറത്തുവന്ന ‘കരുണ ‘എന്ന ചിത്രത്തിലെ ഉപഗുപ്തന്റെ വേഷത്തോടെ ഈ നടന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എം ടി യുടെ തന്നെ മറ്റൊരു ചിത്രമായ ‘ നഗരമേ നന്ദി ‘യിലെ വില്ലന്‍ കഥാപാത്രത്തോടെ മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രതിനായക വേഷങ്ങളുടെ അവസാനവാക്കായി ഉമ്മര്‍.ഒട്ടുമിക്ക ചിത്രങ്ങളിലും പ്രേംനസീറിന്റെ എതിരാളിയായി പ്രത്യക്ഷപ്പെടാന്‍ ഭാഗ്യം ലഭിച്ചത് ഉമ്മറിനായിരുന്നു. മലയാള സിനിമയ്ക്ക് പുതിയ ദിശാബോധം നല്‍കിയ കോഴിക്കോട്ടുകാരായ ഐ വി ശശിയാണ് ഉമ്മറിന് ‘ ഉത്സവം ‘ എന്ന ചിത്രത്തിലൂടെ ഒരു ശ്രദ്ധേയമായ ഒരു നായക വേഷം സമ്മാനിക്കുന്നത് .
മൂന്ന് ദശാബ്ദത്തിലധികം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഈ സുന്ദരവില്ലന്‍ 2001 ഒക്ടോബര്‍ 29-ന് ആണ് അന്തരിച്ചത്. റസൂലെ നിന്‍ കനിവാലെ എന്ന ഗാനം മലയാളികള്‍ക്ക് മറക്കാനാവുമോ. സഞ്ചാരി എന്ന ചിത്രത്തില്‍ അദ്ദേഹമാണ് ആ ഗാനരംഗത്തുള്ളത്. അദ്ദേഹത്തിന്റെ ഇരുപതാം ഓര്‍മ്മദിനമാണിന്ന്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!