

കോഴിക്കോട്: ദേശീയ തലത്തില്‍ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ‘ചിന്തന്‍ ശിബിര’ത്തിന്റെ തുടര്‍ച്ചയായി കെ പി സി സി സംഘടിപ്പിക്കുന്ന ‘നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിര’ത്തിന് കോഴിക്കോട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

23ന് രാവിലെ 10ന് സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്യും. സമ്മേളന നഗരിയായ കെ കരുണാകരന്‍ നഗറില്‍ (ആസ്പിന്‍ കോര്‍ട്ട്യാര്‍ട്) കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രാവിലെ 9.30ന് പതാക ഉയര്‍ത്തുന്നതോടു കൂടിയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക.

ഉദ്ഘാടന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ്വിജയ് സിങ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവര്‍ അഭിസംബോധന ചെയ്യും.
കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കുന്ന ചിന്തന്‍ ശിബിരം രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. എം പിമാര്‍, എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍, കെ പി സി സി എക്സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ച് കമ്മിറ്റികളാണ് ചിന്തന്‍ ശിബിരത്തിന്റെ ചര്‍ച്ചാ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചര്‍ച്ച നടക്കും.
ചിന്തന്‍ ശിബിരത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് നഗരം ത്രിവര്‍ണമയമായി. നഗരത്തില്‍ ആവേശകരമായ വിളംബര ജാഥ സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ നടന്ന വിളംബര ജാഥ കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ശിബിരം ഗ്രൗണ്ടില്‍ കലാസാംസ്‌കാരിക സദസ്സ് നടക്കും. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സാംസ്‌കാരിക പ്രവര്‍ത്തകരുമായ് സംവദിക്കും.

