

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. പാലാരിവട്ടം റിനൈ കൊളോസിയത്തിലാണ് സമ്മേളനം നടക്കുക.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സംസ്ഥാന സമിതി യോഗം ചേരും. വൈകിട്ട് അഞ്ചിന് വിളംബര ജാഥ നടക്കും. നാളെ രാവിലെ 10ന് വ്യവസായ മന്ത്രി പി രാജീവ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട് 5.30ന് സാംസ്‌കാരിക സായാഹ്നം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എം പി മുഖ്യാതിഥിയാകും. സംവിധായകന്‍ വിനയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രൊഫ. എം കെ സാനു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി രാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് രാജേഷ് ചേര്‍ത്തലയുടെ സംഗീത പരിപാടി നടക്കും.
19ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍ എം പി, ഉമാ തോമസ് എം എല്‍ എ, പ്രൊഫ. കെ വി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് 3.30ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

