ലിതാരയുടെ മരണം: അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം

Web Desk
2 Min Read

കോഴിക്കോട്: പാറ്റ്‌നയില്‍ റെയില്‍വേ കോച്ച് രവി സിംഗിന്റെ ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും റെയില്‍വേ ജീവനക്കാരിയുമായ കെ സി ലിതാരയുടെ മാതാപിതാക്കള്‍ മകളുടെ ഘാതകരെ ബീഹാര്‍ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ്.

city exchange

ദയനീയമായ സാഹചര്യമാണ് ലിതാരയുടെ വീട്ടില്‍. മകളുടെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇനിയൊരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. ലിതാരക്കു നേരെ കോച്ച് രവി സിംഗ് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നേരത്തെ കോച്ചിനെ അവര്‍ അടിച്ചിരുന്നു. തുടര്‍ന്ന് പലപ്പോഴും കോച്ച് രവി സിംഗ് ലിതാരയെ ജോലിയില്‍ നിന്നടക്കം പുറത്താക്കാന്‍ ശ്രമിച്ചു. പലപ്പോഴും ഒറ്റക്ക് പ്രാക്ടീസിനെത്താന്‍ നിര്‍ബന്ധിച്ചു. ഇതിന് ലിതാര തയാറായില്ല. കോച്ചിന് വഴങ്ങുകയോ ജോലിയോ എന്ന ചോദ്യത്തിന് മുന്നില്‍ ലിതാര തിരഞ്ഞെടുത്ത വഴിയാണ് ആത്മഹത്യ.

ലിതാരയുടെ അമ്മാവന്‍ രാജീവന്റെ പരാതിയെ തുടര്‍ന്ന് പാറ്റ്‌ന രാജീവ് നഗര്‍ പോലീസ് 185/2022 ആയി ഏപ്രില്‍ 27ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഐ പി സി 306 പ്രകാരം കേസെടുത്തിട്ടുണ്ട്. ലിതാരയുടെ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ദുരൂഹമാണെന്ന് ബന്ധുവായ നിശാന്ത് കൃഷണന്‍ പറയുന്നു. എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ സംഭവം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫിസിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് പാറ്റ്‌ന സീനിയര്‍ എസ് പി തന്നെ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. തെളിവുകള്‍ ലഭിക്കുന്ന മുറക്ക് കോച്ചിന്റെ അറസ്റ്റുണ്ടാവുമെന്ന് എസ് എസ് പി അറിയിച്ചിട്ടുണ്ട്. മുഖ്യ മന്ത്രി പിണറായി വിജയന്‍ ബീഹാര്‍ മുഖ്യമന്ത്രിക്ക് ഇത് സംബഡിച്ച് അടിയന്തിര നടപടി ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.

ലിതാരയുടെ ജോലിയുടെ ബലത്തില്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത 15 ലക്ഷം രൂപയടക്കം ഉപയോഗിച്ച് നിര്‍മിച്ച വീട് പാതിവഴിയിലാണ്. അവളില്ലാതെ ഇനിയെന്തിന് വീടെന്നാണ് പിതാവ് കരുണന്‍ ചോദിക്കുന്നത്. ഉള്ള ബാങ്ക് ലോണ്‍ എങ്ങനെ തിരിച്ചടയ്ക്കുമെന്നതാണ് കുടുംബത്തെ അലട്ടുന്ന ഒരു പ്രശ്‌നം. കാന്‍സര്‍ രോഗിയായ ലിതാരയുടെ അമ്മ ലളിതയുടെ ചികിത്സക്ക് തന്നെ പണം കണ്ടെത്താന്‍ കഴിയാത്ത രോഗിയായ അച്ഛന്‍ കരുണന്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്.

- Advertisement -
Ad image

ലിതാരയുടെ വസതി എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ സന്ദര്‍ശിച്ചു. എല്‍ ജെ ഡി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് കെ എം ബാബു, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡണ്ട് വാസു മാസ്റ്റര്‍, യുവ ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവര്‍ക്കൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!