

മസ്‌ക്കത്ത്: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം ഡി അദീബ് അഹമ്മദിന് ഒമാനില്‍ ദീര്‍ഘകാല താമസ വിസ ലഭിച്ചു. പ്രവാസി നിക്ഷേപകര്‍ക്കുള്ള ദീര്‍ഘകാല വിസ ഒമാന്‍ വാണിജ്യ- വ്യവസായ- നിക്ഷേപ പ്രോത്സാഹന മന്ത്രി മുഹമ്മദ് മൂസ അല്‍ യൂസുഫില്‍ നിന്ന് ഏറ്റുവാങ്ങി.

പ്രസ്തുത അംഗീകാരത്തിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനോടും ഒമാന്‍ സര്‍ക്കാറിനോടും ജനങ്ങളോടും നന്ദി അറിയിക്കുകയാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ശക്തമായ സമ്പദ് വ്യവസ്ഥകൊണ്ട് അനുഗ്രഹീതമായ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഒമാനില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടന ശക്തിപ്പെടുത്തുക, നിക്ഷേപത്തില്‍ ഗുണപരത ഉറപ്പു വരുത്തുക തുടങ്ങിയവയിലൂടെ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്ന പ്രമുഖ നിക്ഷേപകര്‍ക്കാണ് ദീര്‍ഘകാല റസിഡന്‍സ് പരിഗണന നല്കുന്നത്.

