
കൊച്ചി: ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജു വാര്യര്‍, അജു വര്‍ഗീസ് എന്നിവര്‍ ഫേസ്ബുക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം നല്‍കിയ അരികെ വരാതെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നേഹ നായര്‍ ഡോണ്‍ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.


പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസര്‍കോഡ് നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദ്ദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും സംവിധാനം ചെയ്യുന്നത്. ജയ്പൂര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്. ബി അജിത്കുമാര്‍ എഡിറ്റിങ്ങും സുരേഷ് രാജന്‍ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു.

