

കോഴിക്കോട്: അവസാനം കോഴിക്കോട് എന്‍ ഐ ടി യില്‍ നിന്ന് മലയാളം പത്രങ്ങളും പുറത്തേക്ക്!
ബുധനാഴ്ച രാവിലെ മുതല്‍ ചില മലയാളം പാത്രങ്ങള്‍ ക്യാംപസിലെ ഓഫീസ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വിതരണം ചെയ്യുവാന്‍ സുരക്ഷാ ജീവനക്കാര്‍ സമ്മതിച്ചില്ല. കാരണം ചോദിച്ചപ്പോഴാണ് മലയാള പത്രങ്ങള്‍ ക്യാംപസില്‍ ഇടുന്നതിന് വിലക്കുണ്ടെന്ന മറുപടി പത്ര ഏജന്റുമാര്‍ക്ക് ലഭിച്ചത്.

ദേശാഭിമാനി അടക്കമുള്ള വിവിധ പത്രങ്ങളെയാണ് തടഞ്ഞത്. മലയാള മനോരമ, മാതൃഭൂമി പത്രങ്ങള്‍ക്ക് ബുധനാഴ്ച വിലക്കുണ്ടായില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ ഇവയും വിതരണത്തിന് കൊണ്ടുവരേണ്ടെന്നാണ് പത്ര ഏജന്റുമാര്‍ക്കുള്ള നിര്‍ദേശം.

നിലവിലെ ഡയറക്ടര്‍ പ്രസാദ് കൃഷ്ണ ഇവിടെ ചാര്‍ജെടുത്തതു മുതല്‍ ഇദ്ദേഹം നടപ്പിലാക്കുന്ന വിചിത്രമായ പല പരിഷ്‌ക്കാരങ്ങളും ഏറെ വിവാദമാകുകയും വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യേകിച്ച് മലയാള പത്രങ്ങളില്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ട് നിരന്തരം വാര്‍ത്തകള്‍ വരുന്നതിനെതിരെയുമുള്ള ദേഷ്യമായാണ് ഈ നീക്കമെന്ന പ്രതിഷധമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 72 ശതമാനം മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ ക്യാംപസില്‍ ഏകപക്ഷീയമായ ഇത്തരമൊരു തീരുമാനമുണ്ടായതിനെതിരെ വരും ദിവസങ്ങളില്‍ വന്‍ പ്രതിഷേധമുയരുവാനാണ് സാധ്യത.
എന്‍ ഐ ടി ക്യാംപസില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും മലയാളി വിദ്യാര്‍ഥികളെയും ഇരുവിഭാഗമാക്കി തെറ്റിക്കുവാനുള്ള നീക്കങ്ങളും ഈയിടെ വ്യാപകമായി ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിതമായി നടന്നിരുന്നു.

