

കൊച്ചി: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കന്യാകുമാരി വേദനഗര്‍ ഇരുളപ്പപുരം ബാവാ കാസിം (49)നെയാണ് റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആന്‍ഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാര്‍ എന്നിവരില്‍ നിന്ന് മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വീതം തട്ടിയെടുക്കുകയായിരുന്നു.

ചെങ്ങന്നൂരിലെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വന്നപ്പോഴാണ് ബാവാ കാസിം രതീഷ് കുമാറിനെ പരിചയപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ എസ് എസ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുകയാണെന്നും ഉയര്‍ന്ന ശമ്പളമുള്ള പാക്കിംഗ് ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. രതീഷ് കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം എട്ട് ലക്ഷം രൂപയാണ് ഇയാള്‍ക്ക് കൈമാറിയത്. ഇവരെ തിരുവനന്തപുരത്ത് മെഡിക്കല്‍ പരിശോധനയ്ക്കും കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സിംഗിള്‍ എന്‍ട്രി വിസ എന്ന പേരില്‍ വിസയെന്ന വ്യാജേന ഒരു കടലാസ് വാട്‌സ് ആപ്പ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ബാവാ കാസിം അയച്ചു കൊടുത്തിരുന്നു. തട്ടിപ്പാണെന്ന് മനസിലായതിനെ തുടര്‍ന്ന് ഫെമി പൊലീസില്‍ പരാതി നല്‍കയും സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയുമായിരുന്നു.
അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞ ട്രാവല്‍സ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ബാവാ കാസിമിന്റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും തട്ടിപ്പ് സംഘത്തില്‍ ഇയാളെക്കൂടാതെ ആളുകളുണ്ടോയെന്നും അന്വേഷണം നടക്കുകയാണ്.
നാഗര്‍കോവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ് പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം ബി ലത്തീഫ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ജി അനൂപ്, എം ജെ ഷാജി, എ ബി റഷീദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിറാസ് അമീന്‍, ലിജോ ജോസ്, പ്രിന്‍സ് സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

